സുപരിചിതമായ പെരുമ്പറമുഴക്കം

Jaihind Webdesk
Sunday, December 2, 2018

P Chidambaram

2013-14 ൽ നിന്നും ഏറെ ദൂരം നരേന്ദ്ര മോദി പിന്നിട്ടു കഴിഞ്ഞു. അന്ന് സ്ഥാനാർഥിയായിരുന്ന നരേന്ദ്രമോദി വികസനത്തെക്കുറിച്ചാണ് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. 2014-ൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച 31 ശതമാനം വോട്ടർമാരിൽ ഭൂരിപക്ഷവും ‘എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം’ എന്ന മുദ്രാവാക്യത്തിനാണ് വോട്ട് ചെയ്തത്. ആകർഷകമായ മറ്റൊരു മുദ്രാവാക്യവുമുണ്ടായിരുന്നു. നല്ല ദിനങ്ങൾ വരാനിരിക്കുന്നു. അതിനു ശേഷം കുറെയേറെ വാഗ്ദാനങ്ങളും പുറത്തു വന്നു. ഓരോ പൗരന്‍റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ, ഒരു വർഷത്തിൽ രണ്ട് കോടി തൊഴിലവസരങ്ങൾ, കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കൽ, ചെലവുചുരുക്കി എല്ലാവരിലും ഭരണത്തിന്‍റെ ആനുകൂല്യമെത്തിക്കൽ, ഒരു ഡോളറിനെ 40 രൂപയുടെ തത്തുല്യമാക്കി നിലനിർത്തുക, പാകിസ്ഥാന് ഉചിതമായ മറുപടി നൽകുക… അങ്ങനെ മറ്റു പലതുമുണ്ടായിരുന്നു.

പ്രധാനമന്ത്രി മോദി വാചാടോപം തുടർന്നുകൊണ്ടിരുന്നു. 2014 ആഗസ്ത് 15-ന് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്യുമ്പോൾ ഭിന്നിപ്പുണ്ടാക്കുന്ന വിഷയങ്ങൾക്ക് പത്തുവർഷത്തെ നിരോധനമാണ് നിർദ്ദേശിച്ചത്. അദ്ദേഹത്തിന്‍റെ കൃത്യമായ വാക്കുകൾ ഇതായിരുന്നു:

‘നമ്മൾ ധാരാളം പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്, പലരും കൊല്ലപ്പെട്ടു. സുഹൃത്തുക്കളെ, പിന്നിലേക്ക് നോക്കിയാൽ ആരും അതിൽ നിന്നും നേട്ടമുണ്ടാക്കില്ലെന്ന് നിങ്ങൾക്ക് മനസിലാകും. ഭാരതമാതാവിനെ അപകീർത്തിപ്പെടുത്തുകയല്ലാതെ മറ്റൊന്നും നമ്മൾ ചെയ്തില്ല. ജാതീയത, വർഗീയത, പ്രാദേശികതത്വം, സാമൂഹ്യവും സാമ്പത്തികവുമായ അടിസ്ഥാനത്തിലുള്ള വിവേചനം എന്നിവയെല്ലാം നമ്മുടെ മുന്നിൽ തടസ്സങ്ങളാണെന്ന കാര്യം ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇതിനെല്ലാം നമുക്ക് ഹൃദയത്തിൽ നിന്നും പരിഹാരം കാണാൻ, പത്ത് വർഷത്തേക്ക് അത്തരം പ്രവർത്തനങ്ങളിൽ ഒരു നിരോധനം നടപ്പിൽ വരുത്തണം, അത്തരം കുഴപ്പങ്ങളിൽ നിന്ന് സ്വതന്ത്രമായി നിൽക്കുന്ന ഒരു സമൂഹത്തിലേക്ക് നമ്മൾ മുന്നോട്ട് പോകണം’.

മികച്ച തുടക്കം, കൗശലപൂർവമുള്ള വഴുതിമാറൽ

അതൊരു വലിയ തുടക്കമായിരുന്നു. മോദി എല്ലാവരുടേയും പ്രധാനമന്ത്രിയാകുമെന്ന് വളരെയധികം ആളുകൾ ചിന്തിച്ചിരുന്നു. എന്നാൽ മോദി തന്‍റെ വാക്കുകളോട് നീതി പുലർത്തിയില്ല. ഗോസംരക്ഷകരുടെ ആക്രമണങ്ങൾക്ക് നേരെ ഉരുക്കുമുഷ്ടി പ്രയോഗിക്കാതിരുന്ന അദ്ദേഹം ആന്‍റി റോമിയോ സ്‌ക്വാഡുകളുടെ പ്രവർത്തനങ്ങൾ, മതപരിവർത്തകസംഘങ്ങൾ ഖാപ് പഞ്ചായത്തുകൾ എന്നിവയുടെ പ്രവർത്തനങ്ങളും തടഞ്ഞില്ല. മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി ഇത്തരം ശിക്ഷാരീതികളെ പരസ്യമായി അപലപിക്കാനും മുതിർന്നില്ല. ഇതിന്‍റെ ഫലമായി അക്രമസംഭവങ്ങളും കൊലപാതകങ്ങളും രാജ്യത്തുടനീളം വളർന്നു. അങ്ങനെയുള്ള സംഭവങ്ങൾ വർധിച്ചതോടെ മാന്യന്മാരായ ആളുകൾക്ക് മോദിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

ഇതിനു പുറമേ പത്രസമ്മേളനങ്ങൾ വിളിച്ചുകൂട്ടാൻ പ്രധാനമന്ത്രി വിസമ്മതിക്കുകയും വലിയൊരു വിഭാഗം ദൃശ്യമാധ്യമങ്ങളെ മെരുക്കുന്നതിൽ ബി.ജെ.പി വിജയിക്കുകയും ചെയ്തു. ന്യൂസ് എഡിറ്റുമാരെയും അവതാരകരെയും തങ്ങളുടെ പാളയത്തിൽ എത്തിച്ച് പത്രക്കുറിപ്പുകളിലൂടെയുള്ള പത്രപ്രവർത്തനത്തിന്‍റെ ദ്വാരപാലകരായി അവർ മാറി. എന്നാൽ പത്രമാധ്യമങ്ങൾ വിവിധ ചോദ്യങ്ങൾ ഉയർത്തുകയും വിമർശനാത്മകമായി എഡിമറ്റാറിയലുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമേ ബി.ജെ.പി സർക്കാരിന്റെ ഭരണത്തിന്റെ നേർച്ചിത്രം തുറന്നു കാട്ടാൻ നിർഭയമായി പിടിച്ച കണ്ണാടിയായി പ്രവർത്തിച്ച സമൂഹമാധ്യമങ്ങളെ ഒന്നിനും തടയാനായില്ല.

കരുണയില്ലാത്ത വിപണി

വിപണിയെ വിലയിരുത്തുന്നതിൽ പ്രധാനമന്ത്രി വലിയ തോതിൽ പരാജയമായി. നോട്ട് നിരോധനം പോലെയുള്ള അപക്വമായ വിള്ളലുകൾ വിപണികളെ പ്രതികൂലമായി ബാധിച്ചു. ദശലക്ഷക്കണക്കിന് ആളുകളെയും ബിസിനസുകളെയും അടിച്ചേൽപ്പിച്ച അസാധാരണമായ വേദനയും കഷ്ടപ്പാടുകളും മാത്രമല്ല, നോട്ട് നിരോധനം കടുത്ത അനിശ്ചിതത്വമാണ് ഉണ്ടാക്കിയത്. സർക്കാർ നയങ്ങളുടെ നടപ്പാക്കലിലുള്ള അനിശ്ചിതത്വവും പ്രവചനാതീതവുമായ കാര്യങ്ങളോട് വിപണികൾ എതിർപ്പ് പ്രകടിപ്പിച്ചു. നോട്ട് നിരോധനത്തിന് പിന്നാലെ അപര്യാപ്തമായി തയാറാക്കി ജി.എസ്.ടി കാര്യക്ഷമതയില്ലാതെ നടപ്പിൽ വരുത്തിയതോടെ നയരൂപീകരണം നടത്തുന്നവരുടെ കഴിവുകേടിനെ വിപണികൾ ശിക്ഷിക്കുന്ന അവസ്ഥയും ഉടലെടുത്തു.

ഇതേത്തുടർന്നുണ്ടായതെല്ലാം ഒഴിച്ചുകൂടാനാവാത്ത സംഗതികളായിരുന്നു. മൂലധനത്തിന്‍റെ പലായനം, നിക്ഷേപങ്ങൾ മന്ദഗതിയിലാകൽ, നിഷ്‌ക്രിയ ആസ്തിയുടെ വർധനവ്, വായ്പാ വളർച്ചയിലെ മന്ദഗതി, കയറ്റുമതി മേഖലയുടെ സ്തംഭനാവസ്ഥ, കാർഷിക മേഖലയുടെ തളർച്ച എന്നിവയ്ക്ക് പുറമേ തെഴിലില്ലായ്മ ഗണ്യമായി വർധിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ബി.ജെ.പി ബിഹാറിൽ ഗുരുതരമായ തിരിച്ചടി നേരിട്ടു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമായി വിജയം നേടിയെങ്കിലും പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും പരാജയപ്പെട്ടു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടന്ന ഉപതെരെഞ്ഞെടുപ്പുകളിലും പാർട്ടിക്ക് കനത്ത പ്രഹരേമറ്റു.

എന്‍റെ കാഴ്ചപ്പാടിൽ, കർണാടകയിലെ അടിയറവിനുശേഷം എല്ലാവരുടെയും പ്രധാനമന്ത്രിയെന്ന ആശയം പ്രചരിപ്പിക്കാൻ മോദി തീരുമാനിച്ചിരുന്നെങ്കിലും അതിനു കഴിഞ്ഞില്ല. പിന്നീട് സ്ഥാനാർഥിയെന്ന നിലയിൽ വാഗ്ദനം നൽകുന്ന മോദിയായി മാറാൻ നോക്കിയെങ്കിലും മുമ്പ് ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ പരിഹാസപാത്രങ്ങളായി മാറിയതോടെ അതും വഴിമുട്ടി. പിന്നീടുള്ള സമയത്ത് ഗുജറാത്തിലെ വിപണനതന്ത്രമായ ഹിന്ദുക്കളുടെ ഹൃദയത്തിലെ ചക്രവർത്തിയെന്ന ആവരണമണിയാൻ മോദി തീരുമാനിക്കുകയായിരുന്നു.

ക്ഷേത്രനിർമാണത്തിനുള്ള നിയമത്തിനായി മുറവിളി

സുപ്രീം കോടതിയിലുള്ള കേസ് നിലനിൽക്കെ തന്നെ അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രനിർമ്മാണത്തിനുള്ള നിയമം നിർമ്മിക്കാൻ ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് ആവശ്യമുന്നിയിച്ചു. ഇതേ സൂചന മുൻനിർത്തി എല്ലാ ഹിന്ദു സംഘടനകളും ഇക്കാരയത്തിൽ നിയമനിർമ്മാണം ആവശ്യപ്പെട്ടു. ചിലർ വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. ഇക്കാര്യത്തിൽ സ്വകാര്യബിൽ അവതരിപ്പിക്കുമെന്ന് ഒരു ബി.ജെ.പി എം.പി വാഗ്ദാനവും നൽകി. ഓർഡിനൻസ് കൊണ്ടുവരാൻ ശിവസേനയും ബി.ജെ.പി സർക്കാരിനെ ധൈര്യപ്പെടുത്തി. ഇക്കാര്യത്തിൽ ഒരു നിയമനിർമ്മാണം ആവശ്യപ്പെടാൻ നവംബർ 25 ന് ധർമ്മസമിതി യോഗം ചേരുകയും ചെയ്തു. ക്ഷേത്രം നിർമിക്കാനുള്ള തീയതി 2018 ഫെബ്രുവരി 1 ന് നടക്കുന്ന കുംഭമേളയിൽ പ്രഖ്യാപിക്കുമെന്ന് തീരുമാനവുമെടുത്തു.

എന്നാൽ ക്ഷേത്ര നിർമാണത്തിനുള്ള സഹായകരമായ സൂചനകൾ ബി.ജെ.പി അധ്യക്ഷൻ തള്ളി. നന്ദ്രേമോദിയും വിഷയത്തിൽ മൗനം പാലിച്ചു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ഒരു മാതൃകയുണ്ട്. മോദിയുടെ നിർദേശമില്ലാതെ ബി.ജെ.പിയിൽ ഒന്നും നടക്കില്ലെന്ന് എല്ലാവർക്കുമറിയാം. ആർ.എസ്.എസിന്‍റെ അനുമതിയില്ലാതെ ഒരു ഹിന്ദുസംഘടനയും മുന്നോട്ടു പോവില്ല, അതേപോലെ പ്രധാനതീരുമാനങ്ങളെല്ലാം തന്നെ മോഹൻ ഭാഗവതും മോദിയും തമ്മിലുള്ള കരാർ അനുസരിച്ചല്ലാതെ ആർ.എസ്.എസും ബി.ജെ.പിയുമെടുക്കില്ല.

തെരെഞ്ഞെടുപ്പിനു മുമ്പ് ഒരാൾക്ക് ഭഗവാൻ രാമനോട് പ്രാർഥിക്കാനും അനുഗ്രഹം തേടാനും കഴിയും. തെരെഞ്ഞെടുപ്പിന് ശേഷവും ഭഗവാൻ രാമനോട് പ്രാർഥിക്കുവാനും നന്ദി അർപ്പിക്കുവാനും കഴിയും. എന്നാൽ തെരെഞ്ഞെടുപ്പ് ജയിക്കുവാൻ ഭഗവാൻ രാമനിൽ എല്ലാ വിശ്വാസവും അർപ്പിക്കുന്ന ബി.ജെ.പിയുടെ കുമ്പസാരത്തിലൂടെ മനസിലാവുന്നത് ജനങ്ങൾക്ക് ബി.ജെ.പിയിലുള്ള അവരുടെ വിശ്വാസം നഷ്ടമായി എന്നതു തന്നെയാണ്. അല്‍പം പിന്നിലേക്ക് പോയി 2014ലെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ വായിച്ചാൽ മനസിലാകുന്നത് തീർച്ചയായും അദ്ദേഹം വളരെ ദൂരം സഞ്ചരിച്ചുവെന്നു തന്നെയാണ്.