‘ആന്തൂരില്‍ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റി’ ; സംസ്ഥാന കമ്മിറ്റി നിലപാട് തള്ളി പി ജയരാജന്‍

Jaihind Webdesk
Friday, June 28, 2019

P Jayarajan Kodiyeri Balakrishnan

പ്രവാസി വ്യവസായി സാജന്‍ പാറയിലിന്‍റെ ആത്മഹത്യയില്‍ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി ജയരാജന്‍. ശ്യാമളയ്ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന സംസ്ഥാന കമ്മിറ്റി നിലപാടിനെ തള്ളിയാണ് ജയരാജന്‍ നിലപാട് ആവര്‍ത്തിച്ചത്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. തന്‍റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തി ഉണ്ടാകേണ്ട കാര്യമില്ലെന്നും ജയരാജന്‍ പറയുന്നു.

പി.കെ ശ്യാമളയെ പരസ്യമായി വിമർശിച്ചത് ശരിയായില്ലെന്നും വിമർശനങ്ങൾ പാർട്ടി വേദിയിലായിരിക്കണമന്നും സി.പി.എം സംസ്ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പരസ്യ ആഭിമുഖ്യത്തിലുടെ ജയരാജൻ വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്.

സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളക്ക് സാജന്‍റെ പരാതിയില്‍ ഇടപെടാ‍ന്‍ ഉത്തരവാദിത്തമുണ്ടായിരുന്നു. ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ച വന്നു എന്നത് ഉള്‍ക്കൊള്ളാന്‍ പി.കെ ശ്യാമള തയാറാകണമെന്നും പി ജയരാജന്‍ ആവശ്യപ്പെടുന്നു. ഒരു പ്രവർത്തകനെയും ഒതുക്കാൻ പാർട്ടിയുടെ സംഘടനാ സംവിധാനത്തിന് കഴിയില്ലെന്നും ഒരു വാരികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ജയരാജൻ വ്യക്തമാക്കി.

‘പാര്‍ട്ടി വേറെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പ് വേറെ. നിയമാനുസൃതമായ ചുമതലകളാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിർവഹിക്കുന്നത്. പാര്‍ട്ടിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാര്യത്തില്‍ നേരിട്ടു നിര്‍ദ്ദേശം കൊടുക്കാന്‍ പറ്റില്ല. നിര്‍മാണത്തിലെ ന്യൂനതകള്‍ പരിഹരിച്ച് പാര്‍ത്ഥാസ് ബില്‍ഡേഴ്സ് വീണ്ടും നഗരസഭയ്ക്ക് അപേക്ഷ കൊടുത്തു. അതിനുശേഷവും കാലതാമസം വന്നു എന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചതും ഇത്തരത്തില്‍ ദാരുണമായ അന്ത്യം അദ്ദേഹത്തിന് ഉണ്ടായതും. സി.പി.എമ്മിന്‍റെ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളടീച്ചറാണ് അവിടുത്തെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. ശ്യാമളടീച്ചറിന്‍റെ ഭാഗത്ത് വീഴ്ച ഉണ്ട്. അത് ടീച്ചര്‍ ഉള്‍ക്കൊള്ളണം.’ – പി ജയരാജന്‍ പറയുന്നു.

ആന്തൂർ വിഷയത്തിൽ പരസ്യ വിമർശനം പാടില്ലന്നും പി.കെ ശ്യാമളയ്‌ക്ക് ക്ലീൻ ചിറ്റും നൽകിയ സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനത്തെ തള്ളുന്നത് കൂടിയാണ് ജയരാജന്‍റെ നിലപാട്. വിഷയം ചർച്ച ചെയ്യാൻ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ചേരാനിരിക്കെ ജയരാജൻ വീണ്ടും പരസ്യമായി നിലപാട് സ്വീകരിച്ചത് യോഗത്തിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.

നേരത്തെ പൊലീസ് സ്റ്റേഷന്‍ വരാന്തയില്‍ മൈക്ക് വച്ച് പ്രസംഗിച്ചതിനും വ്യക്തിപൂജയുടെ പേരിലും സംസ്ഥാനസമിതി ജയരാജനെ തിരുത്തിയിട്ടുണ്ട്. ആന്തൂര്‍ പ്രശ്നത്തില്‍ ബിംബങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷം നടത്തുന്ന വിമര്‍ശനം വിലപ്പോകില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തതോടെ ഇക്കാര്യത്തില്‍ ജയരാജനോട് പാര്‍ട്ടി നേതൃത്വത്തിനുള്ള അതൃപ്തി വ്യക്തമായിരുന്നു. പാര്‍ട്ടി ആരോപണം നേരിടുന്ന സംഭവത്തില്‍ എതിർ നിലപാടെടുത്ത് പി ജയരാജന്‍ ജനകീയനാകാന്‍ ശ്രമിക്കുന്നെന്ന തോന്നലും സംസ്ഥാന നേതൃത്വത്തിനുണ്ട്.