‘സീതാറാം യെച്ചൂരി ഏത് പൂച്ചയാണ്’?; മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം-സിപിഐ പോര് മുറുകുന്നു; പി.ജയരാജന് മറുപടിയുമായി കാനം രാജേന്ദ്രന്‍

Jaihind News Bureau
Tuesday, November 5, 2019

പി.ജയരാജന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മറുപടി. പി.ജയരാജന്‍റെ ഫെയിസ് ബുക്ക് പോസ്റ്റ് കണ്ടാൽ മുതിർന്ന നേതാവിന്‍റെ പ്രതികരണമായി തോന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിജയരാജന്‍റെ കുറിപ്പ് രാഷ്ട്രീയ പക്വതയില്ലാത്തതാണെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ലണ്ടനില്‍ നിന്ന് ഒരു പ്രസ്താവനയിറക്കിയല്ലോ. അദ്ദേഹം ഏത് പൂച്ചയാണെന്നും കാനം ചോദിച്ചു.

അട്ടപ്പാടി വനത്തില്‍ നാല് മാവോവാദികള്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനും പോലീസിനുമെതിരെ വിമര്‍ശനമുയര്‍ത്തി ഘടകകക്ഷിയായ സി.പി.ഐ രംഗത്തെത്തിയിരുന്നു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍ വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ സി.പി.ഐക്കെതിരെ പി. ജയരാജൻ എഴുതിയ ഫേസ്​ബുക്ക്​ പോസ്​റ്റിനുള്ള മറുപടിയായാണ്​ കാനം രാജേന്ദ്രന്‍ തിരിച്ചടിച്ചത്​.

”കൗതുകകരമായിട്ടുള്ള കാര്യം അയല്‍വക്കത്തെ പൂച്ചകള്‍ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ നടന്ന വനാന്തര്‍ ഭാഗത്ത് മണം പിടിച്ചു വന്നു. എന്നാല്‍ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു” എന്നായിരുന്നു പി.ജയരാജന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം.