അലൻ ഷുഹൈബിനെതിരായ പി ജയരാജന്‍റെ ആരോപണത്തിനെതിരെ അമ്മ സബിത ശേഖർ

Jaihind News Bureau
Saturday, January 18, 2020

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനെതിരായ പി ജയരാജന്‍റെ ആരോപണത്തിനെതിരെ സബിത ശേഖർ. എസ്എഫ്‌ഐയിൽ സജീവമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെ എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുമെന്ന് അലന്‍റെ അമ്മ ചോദിച്ചു.

എസ്എഫ് ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവിൽ പോലീസ് അറസ്റ്റ്‌ചെയ്ത അലനും താഹയുമെന്നായിരുന്നു പി.ജയരാജന്റെ പ്രസ്താവന ഇതിനെതിരെയാണ് അലന്‍റെ അമ്മയുടെ മറുപടി. അലൻ എസ്എഫ്‌ഐയിൽ ഒരിക്കലും സജീവമായിരുന്നില്ല. വീടിനടുത്തുള്ള പ്രാദേശിക സിപിഎമ്മുമായി ചേർന്നാണ് അലൻ പ്രവർത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവൻ സജീവ എസ്എഫ്‌ഐ ക്കാരനായിരുന്നില്ല. അങ്ങനെ സംഘടനയിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുക. എസ്എഫ്‌ഐക്കാർക്ക് സംഘടനാ ബോധം തീരെ ഇല്ല എന്നാണോ കരുതുന്നതെന്നും സബിത ചോദിക്കുന്നു. അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും ഒരു എസ്എഫ്‌ഐക്കാരനെ ഉദാഹരണമായി കാണിക്കാമോയെന്നും അവർ പോസ്റ്റിലൂടെ വെല്ലുവിളിക്കുന്നു.

ഒരു വേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അവർ വിമർശിച്ചു. അലന്‍റെ നിരപരാധിത്വം തെളിയിക്കാൻ പോരാടുക തന്നെ ചെയ്യുമെന്നും സബിത പറയുന്നു. അലന്‍റെ അർബൻ സെക്കുലർ അമ്മ എന്ന പേരിലാണ് സബിത പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

സഖാവ് പി. ജയരാജൻ വായിച്ചറിയുവാൻ …
താങ്കൾ ഇന്നലെ KLF വേദിയിൽ പറഞ്ഞത് വാർത്തകളിലൂടെ അറിഞ്ഞു.
‘ അലൻ SFI യിൽ നിന്നു ക്കൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തി ‘
സഖാവ് മനസ്സിലാക്കേണ്ട കാര്യം അലൻ SFI യിൽ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക CPIM വുമായി ചേർന്നാണ് അവൻ പ്രവർത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവൻ സജീവ SFI ക്കാരനായിരുന്നില്ല. അങ്ങനെ SFI യിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് SFI ക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുക. താങ്കൾ വിചാരിക്കുന്നത് SFI ക്കാർക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും ഒരു SFI ക്കാരനെ ഉദാഹരണമായി കാണിക്കാമോ …
സഖാവ് ഒരു വേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു.
സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് … അവന്റെ നിരപരാധിത്വം തെളിയിക്കാൻ ഞങ്ങൾ പോരാടുക തന്നെ ചെയ്യും .

അലന്റെ അർബൻ സെക്കുലർ അമ്മ