‘ചരിത്രം അറിയില്ലെങ്കില്‍ വായിച്ച് പഠിക്കണം ; അർഹരായവർക്ക് അർഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യത ‘ : പിണറായിക്ക് കാനത്തിന്‍റെ മറുപടി

Jaihind News Bureau
Saturday, January 4, 2020

മുഖ്യമന്ത്രിക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിന്‍റെ ക്രെഡിറ്റ് സി അച്യുത മേനോന് അവകാശപ്പെട്ടതാണെന്ന് കാനം പറഞ്ഞു. ചരിത്രം അറിയാത്തവർ വായിച്ച് പഠിക്കണമെന്നും കാനം മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു. ഭൂപരിഷ്കരണത്തിന്‍റെ അൻപതാം വാർഷികത്തിന്‍റെ ഭാഗമായി തൃശൂരിൽ സി.പി.ഐ സംഘടിപ്പിച്ച സെമിനാറിലായിരുന്നു കാനം രാജേന്ദ്രന്‍റെ മറുപടി.

ഭൂപരിഷ്കരണ നിയമം നിലവിൽ വന്നത് സി അച്യുത മേനോന്‍റെ കാലത്താണെന്ന വസ്തുത മറക്കരുതെന്ന് കാനം പറഞ്ഞു. മറ്റാർക്കും ക്രെഡിറ്റ് അവകാശപ്പെടാനാകില്ല. ചരിത്രം പഠിച്ചാൽ കാര്യങ്ങൾ മനസിലാകും. അന്നത്തെ പ്രതിപക്ഷം ബില്ലിലെ പല വ്യവസ്ഥകളെയും എതിർത്തതാണെന്നും സി.പി.എമ്മിനെ പേരെടുത്ത് പറയാതെ കാനം കുറ്റപ്പെടുത്തി.

സൂര്യനെ പാഴ് മുറം കൊണ്ട് മറയ്ക്കാൻ കഴിയില്ല. ചരിത്രത്തിൽ അർഹരായവർക്ക് അർഹമായ സ്ഥാനം നൽകുന്നതാണ് മാന്യതയെന്നും കാനം രാജേന്ദ്രൻ ഓർമിപ്പിച്ചു. തുടർന്ന് സംസാരിച്ച മന്ത്രി തോമസ് ഐസക് വിവാദം തൊട്ടില്ല. കോൺഗ്രസ് നേതാവ് വി.എം സുധീരനും സെമിനാറിൽ സംസാരിച്ചു.