കണ്ണൂർ അമ്പായത്തോടില്‍ ആയുധധാരികളായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി

Jaihind News Bureau
Monday, January 20, 2020

കണ്ണൂർ : കൊട്ടിയൂർ അമ്പായത്തോടിൽ തോക്കേന്തിയ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. ഇന്ന് പുലർച്ചെ 6 മണിക്ക് ശേഷമാണ് പ്രകടനം നടത്തിയത്. നാല് പേരടങ്ങിയ സംഘമാണ് പ്രകടനം നടത്തിയത്. മാവോയിസ്റ്റ് സംഘം
ലഘുലേഖകൾ വിതരണം ചെയ്യുകയും ടൗണിൽ പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു.

കൊട്ടിയൂർ അമ്പായത്തോട് ടൗണിലാണ് 4 അംഗ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയത്. പുലർച്ചെ റബർ തോട്ടങ്ങളിലും മറ്റും തൊഴിന് പോകുന്ന തൊഴിലാളികളാണ് ആദ്യം പ്രകടനത്തിന്‍റെ ശബ്ദം കേട്ടത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വഴിയിലൂടെയാണ് സംഘം ടൗണിൽ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നു പേരുടെ കൈകളിൽ
തോക്കുകൾ ഉണ്ടായിരുന്നു. ഒരു സ്ത്രീയും സംഘത്തിൽ ഉണ്ടായിരുന്നു.

ടൗണിലെത്തിയ സായുധ സംഘം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിച്ചു. നാട്ടുകാർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. ഇവർ കാട്ടിലേക്ക് തിരിച്ച് പോയതിന് ശേഷം വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പ്രദേശത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവവും ഇത്തരത്തിൽ മാവോവാദി സംഘം അമ്പായത്തോട് ടൗണിൽ തോക്കേന്തി പ്രകടനം നടത്തിയിരുന്നു.