യുഎപിഎ കേസ് ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ കോടതി തള്ളി

Jaihind News Bureau
Wednesday, November 27, 2019

പന്തീരങ്കാവില്‍ യുഎപിഎ കേസ് ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍, താഹ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യു.പി.പി.എ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.

ഏതെങ്കിലും ഒരു ലഘുലേഖയോ പുസ്തകമോ കൈവശം വെച്ചു എന്നതിന്‍റെ അടിസ്ഥാനത്തില്‍ യു.എ.പി.എ ചുമത്താന്‍ ആവില്ലെന്നും അതിന്‍റെ പേരില്‍ യുഎപിഎ ചുമത്തിയ പൊലീസ് നടപടി നീതി നിഷേധമാണെന്ന വാദവുമാണ് പ്രതികള്‍ ജാമ്യം തേടി നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

എന്നാല്‍ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും അതിനുള്ള തെളിവുണ്ടെന്നും ഉള്ള റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കവേ ജാമ്യം അനുവദിക്കരുതെന്നും ഇത് കേസിനെ ബാധിക്കുമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്.