അരൂരില്‍ ഇരട്ട വോട്ടുകള്‍ 181 ; യു.ഡി.എഫ് പരാതിക്ക് പിന്നാലെ മണ്ഡലം വിട്ട് പി ജയരാജന്‍

Jaihind Webdesk
Sunday, October 20, 2019

അരൂർ മണ്ഡലത്തില്‍ 181 ഇരട്ട വോട്ടുകളെന്ന് കണ്ടെത്തല്‍. യു.ഡി.എഫിന്‍റെ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മണ്ഡലത്തില്‍ ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തിയത്. ഇരട്ടവോട്ടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ക്രമക്കേട് തടയാന്‍ ജില്ലാ കളക്ടർ പോളിംഗ് ഓഫീസർമാര്‍ക്ക് നിർദേശം നല്‍കി.

അതേസമയം വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ചതിന് ശേഷവും സി.പി.എം നേതാവ് പി ജയരാജന്‍ അരൂര്‍ മണ്ഡലം വിടാതിരുന്നതും യു.ഡി.എഫ് ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും യു.ഡി.എഫ് നല്‍കിയ പരാതിക്ക് പിന്നാലെ ജയരാജന്‍ മണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷനായി. അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍ പഞ്ചായത്തിലെ 178-ാം നമ്പർ ബൂത്ത്പരിധിയില്‍ ജയരാജന്‍ തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫിന്‍റെ പരാതി.

കോന്നി മണ്ഡലത്തില്‍ ബി.ജെ.പിക്കെതിരെയും യു.ഡി.എഫ് പരാതി നല്‍കിയിരുന്നു. പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ചിട്ടും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുള്‍പ്പെടെ ബി.ജെ.പിക്കായി സ്ക്വാഡ് പ്രവർത്തനം നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് പരാതി നല്‍കിയത്. പരസ്യമായി തെരഞ്ഞെടുപ്പ് നിയമങ്ങള്‍ അട്ടിമറിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി.