വിശ്വാസികളെയും ജനത്തെയും വഞ്ചിച്ച എല്‍.ഡി.എഫ് സർക്കാരിനെതിരെ വിധിയെഴുത്തുണ്ടാകും : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, October 14, 2019

എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്തിന്‍റെ വികസനത്തെ പിന്നോട്ട് കൊണ്ടുപോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളെ വഞ്ചിച്ച സർക്കാരിനെതിരെയുള്ള ജനവിധി വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അരൂർ പെരുമ്പളത്ത് യു.ഡി.എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പെരുമ്പളം ദ്വീപില്‍ സംഘടിപ്പിച്ച യു.ഡി.എഫ് പൊതുസമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അധികാരത്തിലെത്തിയ ശേഷം ഏതെങ്കിലുമൊരു വന്‍കിട പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എല്‍.ഡി.എഫ് സർക്കാരിന് സാധിച്ചിട്ടുണ്ടോയെന്ന്  പ്രതിപക്ഷ നേതാവ് ചോദിച്ചു.

വിശ്വാസികളെയും ജനങ്ങളെയും വഞ്ചിച്ച പിണറായി സര്‍ക്കാരിനെതിരായ ശക്തമായ പ്രതിഷേധം വരാന്‍പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ റോസക്കുട്ടി ടീച്ചർ, ദീപ്തി മേരി വർഗീസ് തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ പരിപാടിയില്‍ സംസാരിച്ചു.