കുവൈറ്റില്‍ വീണ്ടും തീപിടിത്തം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

Jaihind Webdesk
Saturday, July 20, 2024

 

കുവൈറ്റ്: കുവൈറ്റ് അബ്ബാസിയയിലുണ്ടായ തീപിടിത്തത്തില്‍ നാലു മരണം. മലയാളി കുടുംബത്തിലെ 4 പേരാണ് പുക ശ്വസിച്ച് മരിച്ചത്. കെട്ടിടത്തിലെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങിപ്പാർക്കുന്ന അബ്ബാസിയായിലെ കെട്ടിടത്തിലായിരുന്നു അഗ്നിബാധ.

ജൂലൈ 19 വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് തീപിടിത്തമുണ്ടായത്. തിരുവല്ല നീരേറ്റുപുരം സ്വദേശികളായ മാത്യുവും ഭാര്യ ലിനി എബ്രഹാമും ഇവരുടെ രണ്ടു മക്കളുമാണ് പുക ശ്വസിച്ച് മരിച്ചത്. അവധിക്ക് നാട്ടിൽ പോയ ശേഷം മടങ്ങിയെത്തിയ ദിവസമാണ് തീപിടിത്തമുണ്ടായത്. എസിയിൽ നിന്നാണ് തീ പടർന്നതെന്നാണ് സൂചന. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂൺ 12-നാണ് മംഗഫിലെ എൻബിറ്റിസി കമ്പനിയുടെ ക്യാമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർ മരണമടഞ്ഞത്.