മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവർണർ

Jaihind Webdesk
Sunday, November 10, 2019

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിർണായക വഴിത്തിരിവ്. കേവലഭൂരിപക്ഷത്തിനാവശ്യമായ അംഗബലമില്ലെന്ന് ബി.ജെ.പി അറിയിച്ചതിന് പിന്നാലെ ഗവർണർ ഭഗത് സിംഗ് കോഷിയാരി ശിവസേനയെ സർക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. തിങ്കളാഴ്ച വൈകിട്ട് 7.30 നകം നിലപാട് അറിയിക്കണം. അതേസമയം എന്‍.ഡി.എ സഖ്യം പൂര്‍ണമായും ഉപേക്ഷിക്കാതെ ശിവസേനയുമായി സഖ്യത്തിന് തയാറല്ലെന്ന് എന്‍.സി.പി വ്യക്തമാക്കി. കേന്ദ്രമന്ത്രിസ്ഥാനവും രാജിവെക്കണമെന്നാണ് എന്‍.സി.പിയുടെ ആവശ്യം. ഗവര്‍ണറുടെ ക്ഷണത്തിന് പിന്നാലെ ശിവസേന നേതാവ് ഉദ്ദവ് താക്കറെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വന്ന് 15 ദിവസങ്ങള്‍ക്ക് ശേഷവും സര്‍ക്കാര്‍ രൂപീകരിക്കാനാകാത്തതിനെ തുടര്‍ന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരി ബി.ജെ.പിയോട് കേവലഭൂരിപക്ഷം തെളിയിക്കാന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ഗവർണറുടെ നിർദേശം. എന്നാല്‍ ശിവസേനയുമായി ധാരണയിലെത്താനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെ തങ്ങള്‍ക്ക് കേവലഭൂരിപക്ഷം തികയ്ക്കാനാവില്ലെന്ന് ബി.ജെ.പി ഗവർണറെ ധരിപ്പിക്കുകയായിരുന്നു. ഇതോടെ 25 വർഷമായി തുടരുന്ന ബി.ജെ.പി-ശിവസേന ബന്ധവും അവസാനിച്ചു.

ശിവസേന മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ ബി.ജെ.പി തയാറാകാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും സർക്കാരിന്‍റെ കാലാവധിയുടെ പകുതി സമയം മുഖ്യമന്ത്രി പദവി പങ്കുവെക്കണമെന്നുമായിരുന്നു ശിവസേനയുടെ പ്രധാന ആവശ്യം. 288 അംഗ നിയമസഭയില്‍ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബി.ജെ.പിക്കുള്ളത് 105 സീറ്റ് മാത്രമാണ്. ശിവസേനയ്ക്ക് 56 സീറ്റുകളാണുള്ളത്. എന്‍.സി.പിക്ക് 54 ഉം കോണ്‍ഗ്രസിന് 44ഉം സീറ്റുകളുണ്ട്.