ഇത്ര ക്രൂരമായ രാഷ്ട്രീയം മുമ്പ് കണ്ടിട്ടില്ല ; പൗരത്വ നിയമത്തിലൂടെ രാജ്യത്ത് ഹിന്ദു – മുസ്‌ലീം കലാപം ഉണ്ടാകുമെന്ന് അവർ കരുതി : ബി.ജെ.പിക്കെതിരെ ശിവസേന

Jaihind News Bureau
Tuesday, January 7, 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ രൂക്ഷ വിമർശനവുമായി ശിവസേന. പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്ത് കലാപം ഉണ്ടാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടിയെന്നും ഇത്രയും ക്രൂരമായ രാഷ്ട്രീയം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും ശിവസേന പറഞ്ഞു. ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണ് രാജ്യത്തെ വിഭജിക്കാനും തമ്മിലടിപ്പിക്കാനുമുള്ള ബി.ജെ.പിയുടെ കുടില തന്ത്രത്തിനെതിരെ ശിവസേന ആഞ്ഞടിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്ത് ഹിന്ദു-മുസ്ലീം കലാപം ഉണ്ടാകുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ അത് നടന്നില്ല. മുസ്ലീമും ഹിന്ദുക്കളും ഒറ്റക്കെട്ടായാണ് നിയമത്തിനെതിരെ തെരുവില്‍ പ്രതിഷേധിക്കുന്നത്. ഹിന്ദുക്കളെയും നിയമം ബാധിക്കും. പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പി ഒറ്റപ്പെട്ടതായും ശിവസേന ചൂണ്ടിക്കാട്ടുന്നു. ജെ.എന്‍.യുവില്‍ നടന്ന ആക്രമ സംഭവങ്ങള്‍ ബി.ജെ.പിയുടെ പ്രതികാരത്തിന്‍റെ ഭാഗമാണെന്നും ശിവസേന എഡിറ്റോറിയലില്‍ പറയുന്നു. മുംബൈ ഭീകരാക്രമണത്തോടാണ് എഡിറ്റോറിയല്‍ ലേഖനം ജെ.എന്‍.യു ആക്രമണത്തെ ഉപമിച്ചത്. ‘അജ്ഞാതരായ’ അക്രമികള്‍ക്കെതിരെ കേസെടുക്കുമെന്നുള്ള ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം ചിരിപ്പിക്കുന്നതാണ്. ജെ.എന്‍.യുവില്‍ കടന്നുകയറിയവര്‍ അജ്ഞാതരല്ലെന്നും അവർ ആരാണെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും  ശിവസേന പറയുന്നു.

‘ജെ.എന്‍.യു ആക്രമണത്തിന്‍റെ അനുരണനം രാജ്യമെങ്ങും കാണാനാകും. മോദിയും ഷായും ആഗ്രഹിക്കുന്നത് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. രാജ്യം അപകടത്തിലാണ്. വിഭജനത്തിന്‍റെ രാഷ്ട്രീയം രാജ്യത്തിന് ആപത്താണ്’ – എഡിറ്റോറിയല്‍ പറയുന്നു. യൂണിവേഴ്സിറ്റികളിലും കോളേജുകളിലും രക്തക്കറകൾ സൃഷ്ടിക്കുക, വിദ്യാർത്ഥികളെ മർദ്ദിക്കുക, കത്തുന്ന സാഹചര്യത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക … ഇത്തരം ക്രൂരമായ രാഷ്ട്രീയം മുമ്പൊരിക്കലും കണ്ടിട്ടില്ല’. ജെ.എൻ.യു വിദ്യാർത്ഥികൾക്കെതിരായ ആക്രമണം രാജ്യത്തെ ക്രമസമാധാനത്തിന് മേലുണ്ടായ കറുത്ത പാടെന്നാണ് എഡിറ്റോറിയല്‍ വിശേഷിപ്പിച്ചത്.

അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനമാണ് എഡിറ്റോറിയലിലൂടെ ശിവസേന നടത്തിയത്. രാജ്യം കത്തുമ്പോള്‍ അമിത് ഷാ പൗരത്വ നിയമത്തെ ന്യായീകരിച്ച് ലഘുലേഖ വിതരണം ചെയ്യുന്ന തിരക്കിലാണെന്ന് ശിവസേന കുറ്റപ്പെടുത്തുന്നു. ബി.ജെ.പി ഒരു ഭാഗത്തും മറ്റുള്ളവരെല്ലാം എതിരെയും അണിനിരക്കുന്ന അവസ്ഥാവിശേഷമാണ് രാജ്യത്തെന്ന് ശിവസേന ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ നിരവധി കാര്യങ്ങള്‍ രാജ്യത്ത് സംഭവിച്ചേക്കാം. ജെ.എന്‍.യു സംഭവം ബി.ജെ.പിയുടെ പ്രതികാരത്തിന്‍റെ ഭാഗമാണോ എന്ന് സംശയിച്ചാല്‍ തെറ്റില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു.