മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണനീക്കവുമായി കോൺഗ്രസും എൻസിപിയും; ഗവർണറെ കണ്ട് അവകാശവാദമുന്നയിക്കും

Jaihind News Bureau
Friday, November 15, 2019

മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി-ശിവസേന കൂട്ടുകെട്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കും. ഇതിനു മുന്നോടിയായി സർക്കാർ നടപ്പാക്കേണ്ട പൊതുമിനിമം പരിപാടിക്കു രൂപം നൽകിയതായാണു സൂചന. മൂന്നു പാർട്ടികളിലേയും മുതിർന്ന നേതാക്കൾ 48 മണിക്കൂർ നടത്തിയ ചർച്ചകൾക്കൊടുവിൽ പൊതുമിനിമം പരിപാടിയുടെ കരട് രൂപരേഖ തയാറാക്കിയത്.

കർഷക ലോൺ എഴുതിത്തള്ളൽ, വിള ഇൻഷ്വറൻസ് പദ്ധതി, താങ്ങുവില ഉയർത്തൽ, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളാണു പൊതുമിനിമം പാരിപാടിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്നലെ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹബ് തോറാത്തും എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം ശിവസേനാ നേതാക്കളെക്കൂടി ഉൾപ്പെടുത്തിയാണ് പൊതുമിനിമം പരിപാടിയിൽ ധാരണയുണ്ടാക്കിയത്.

വിഷയം ചർച്ച ചെയ്യാൻ എൻസിപി അധ്യക്ഷൻ ശരത് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പൊതു മിനിമം പരിപാടിയുൾപ്പെടെ നടപടികളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യും. തോറാത്തും ജയന്ത് പാട്ടീലും വീണ്ടും ഉദ്ധവ് താക്കറയെ കാണുമെന്നു സൂചനയുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. പവാർ-സോണിയ കൂടിക്കാഴ്ചയ്ക്കു ശേഷമേ സർക്കാർ രൂപീകരണം യാഥാർഥ്യമാകുമോ എന്നു വ്യക്തമാകൂ.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ച ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കലഹിച്ചതോടെയാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്. 208 അംഗസഭയിൽ സഖ്യം കേവലഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ശിവസേനയുടെ കടുംപിടിത്തം മൂലം സർക്കാർ രൂപീകരണം സാധ്യമായില്ല. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുകയായിരുന്നു.