കോണ്‍ഗ്രസ് ഇടഞ്ഞു ; പൗരത്വ ദേദഗതി ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ശിവസേന

Jaihind News Bureau
Tuesday, December 10, 2019

പൗരത്വ ദേദഗതി ബില്ലിനെ ലോക്സഭയില്‍ പിന്താങ്ങിയ നിലപാടില്‍ നിന്ന് പിന്മാറി ശിവസേന. ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്നും അതിനെ പിന്തുണയ്ക്കുന്നവർ രാജ്യത്തിന്‍റെ അടിത്തറയെ നശിപ്പിക്കുന്നുവെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ആരെയും പേരെടുത്ത് പറയാതെ രാഹുൽ ഗാന്ധി നടത്തിയ വിമർശനത്തിന് തൊട്ടുപിന്നാലെയാണ് ശിവസേനയുടെ നിലപാട് മാറ്റം.

ലോക്‌സഭയിൽ ബില്ലിന് നൽകിയ പിന്തുണ രാജ്യസഭയിലുണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഭരണപക്ഷത്തിനായില്ലെന്നും കാര്യങ്ങളിൽ  വ്യക്തത വരുന്നതു വരെ ബില്ലിനെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനമെന്നും ഉദ്ധവ് താക്കറെ മുംബൈയില്‍ പറഞ്ഞു. ബില്ലിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന ബി.ജെ.പിയുടെ നിലപാട് അംഗീകരിക്കാനാകില്ല. ശിവസേനയുടെ ലോക്സഭയില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ സര്‍ക്കാര്‍ ഉത്തരം നല്‍കാതെ ബില്ലിനെ രാജ്യസഭയില്‍ പിന്തുണയ്ക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സഖ്യസർക്കാരിന്‍റെ ഐക്യത്തില്‍ സംശയിക്കുന്നവർക്കുള്ള മറുപടി കൂടിയായി സേനയുടെ തിരുത്തല്‍.