യുഡിഎഫ് ഒറ്റക്കെട്ട്; ഏപ്രിൽ ഒൻപതിന് യുഡിഎഫിന്റെ വിജയഗാഥ തുടങ്ങുമെന്ന് അടൂർ പ്രകാശ് എംപി

Jaihind News Bureau
Friday, March 20, 2026

ഏപ്രിൽ ഒൻപതിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി. നൂറിലധികം സീറ്റുകൾ നേടി ഐക്യജനാധിപത്യ മുന്നണി കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനവികാരം പൂർണ്ണമായും യുഡിഎഫിന് അനുകൂലമാണെന്നും ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലും യാതൊരുവിധ കാലതാമസവും ഉണ്ടായിട്ടില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. ഒരു ദേശീയ പ്രസ്ഥാനമെന്ന നിലയിൽ ജനാധിപത്യപരമായ നടപടിക്രമങ്ങളിലൂടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. മുതിർന്ന നേതാക്കൾ ചേർന്ന് കൈക്കൊള്ളുന്ന ഈ തീരുമാനങ്ങളിൽ പാർട്ടിയിൽ ആർക്കും തന്നെ പരാതികളില്ല. ഒരു ദേശീയ പാർട്ടിയെന്ന നിലയിലുള്ള കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് പട്ടിക പുറത്തിറങ്ങുന്നത്. ഇത് മനഃപൂർവ്വമായ വൈകിക്കലല്ല, മറിച്ച് മികച്ച സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടായാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്നണിക്കുള്ളിൽ പൂർണ്ണമായ യോജിപ്പും ആവേശവും നിലനിൽക്കുന്നുണ്ട്. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ സജീവമായിക്കഴിഞ്ഞു. കുപ്രചരണങ്ങളെ തള്ളി ജനങ്ങൾ യുഡിഎഫിനെ നെഞ്ചേറ്റുമെന്നും വൻ ഭൂരിപക്ഷത്തോടെ കേരളത്തിൽ ജനകീയ സർക്കാർ അധികാരത്തിൽ വരുമെന്നും അടൂർ പ്രകാശ് എംപി ഉറപ്പിച്ചു പറഞ്ഞു.