
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന അമിതമായ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. അധിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി.
മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷാവസ്ഥയുടെ മറവില്‍ തീര്‍ഥാടകര്‍ക്ക് മേല്‍ വിമാനക്കമ്പനികള്‍ വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതയാണ് അടിച്ചേല്‍പ്പിക്കുന്നത്. നിലവില്‍ ഓരോ തീര്‍ഥാടകനും ഏകദേശം 10,000 രൂപയുടെ അധിക ബാധ്യതയാണ് വിമാനക്കമ്പനികള്‍ വരുത്തിയിരിക്കുന്നത്. സാധാരണക്കാരായ വിശ്വാസികളുടെ ആത്മീയ യാത്രയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
‘ഹജ്ജ് നിര്‍വഹിക്കുക എന്നത് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതകാലത്തെ വലിയ സ്വപ്നമാണ്. സാധാരണക്കാരായ ഇവര്‍ വര്‍ഷങ്ങളോളം ചെറിയ തുകകള്‍ സമ്പാദിച്ചാണ് ഈ യാത്രയ്ക്കായി ഒരുങ്ങുന്നത്. അവസാന നിമിഷം ഇത്തരം അമിത നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നത് അനീതിയാണ്,’ എന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.
ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും സര്‍ക്കാരിനും വലിയ പരാജയം സംഭവിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് വിമാനക്കമ്പനികള്‍ക്ക് യാത്രക്കാരെ ചൂഷണം ചെയ്യാന്‍ ധൈര്യം നല്‍കുന്നത്. തിരക്കേറിയ സീസണുകളില്‍ വിമാനക്കമ്പനികള്‍ തോന്നിയതുപോലെ നിരക്ക് വര്‍ധിപ്പിക്കുന്നത് തടയാന്‍ ശക്തമായ നിയമരൂപീകരണം വേണമെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.