
ഇടുക്കി മംഗളാദേവി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഇടിമിന്നലില്‍ പോലീസുകാരനും അഞ്ച് ഭക്തര്‍ക്കും പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സി.പി.ഒ. അന്‍സാറിനാണ് മിന്നലേറ്റു തെറിച്ചുവീണ് ഇടതു കൈമുട്ടിന് പൊട്ടലേറ്റത്. അന്‍സാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തീര്‍ത്ഥാടകരായ വിഷ്ണു (തിരുവനന്തപുരം), രമ്യ (തൃശൂര്‍), തമിഴ്നാട് സ്വദേശികളായ ധനലക്ഷ്മി, ലോകമണി, കാളി അമ്മാള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റ മറ്റ് അഞ്ച് പേര്. ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് തെറിച്ചുവീണാണ് തൃശൂര്‍ സ്വദേശിനി രമ്യയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും ഉടന്‍ തന്നെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.
പ്രാഥമിക പരിശോധനയില്‍ ആര്‍ക്കും തന്നെ ശരീരത്തിന് പുറത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടില്ലെങ്കിലും, മിന്നലേറ്റതിനെത്തുടര്ന്നുള്ള കടുത്ത ശാരീരിക വേദന എല്ലാവരും അനുഭവിക്കുന്നുണ്ട്. നിലവില്‍ എല്ലാവരും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഉത്സവത്തോടനുബന്ധിച്ച് വനമേഖലയില്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ഇടിമിന്നലുണ്ടായത്.