
നെയ്പിഡോ: മ്യാന്മര്‍ മുന്‍ സ്റ്റേറ്റ് കൗണ്‍സിലറും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാങ് സൂചിയെ ജയില്‍ മോചിതയാക്കി വീട്ടുതടങ്കലിലേക്ക് മാറ്റി. 2021-ലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് തടവിലായിരുന്ന സൂചിയെ, ബുദ്ധ പൗര്‍ണ്ണമിയോടനുബന്ധിച്ചുള്ള പൊതുമാപ്പിന്റെ ഭാഗമായാണ് ജയിലില്‍ നിന്ന് മാറ്റിയത്.
വിവിധ കേസുകളിലായി വിധിച്ചിരുന്ന 33 വര്‍ഷത്തെ തടവ് നേരത്തെ 18 വര്‍ഷമായി കുറച്ചിരുന്നു. ഇപ്പോള്‍ ശിക്ഷാ കാലാവധിയില്‍ വീണ്ടും ഇളവ് നല്‍കുകയും ശേഷിക്കുന്ന കാലം വീട്ടുതടങ്കലില്‍ തുടരാന്‍ അനുവദിക്കുകയുമായിരുന്നു. സൂചിക്കൊപ്പം 1,519 തടവുകാര്‍ക്കും ഭരണകൂടം ശിക്ഷാ ഇളവ് നല്‍കിയിട്ടുണ്ട്. നിലവില്‍ തടവ് അനുഭവിക്കുന്നവരുടെ കാലാവധി ആറിലൊന്നായി കുറയ്ക്കുകയും ചെയ്തു. സൂചിയെ എവിടെയാണ് താമസിപ്പിച്ചിരിക്കുന്നതെന്നോ അവരുടെ നിലവിലെ ആരോഗ്യസ്ഥിതി എങ്ങനെയെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരമ്പരാഗത വേഷത്തിലുള്ള ഒരു ചിത്രം മാത്രമാണ് സൈന്യം പങ്കുവെച്ചത്.
2021 ഫെബ്രുവരിയില്‍ നടന്ന അട്ടിമറിക്ക് ശേഷം 80-കാരിയായ സൂചി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി അഭിഭാഷകര്‍ക്ക് പോലും അവരെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. സൂചിക്ക് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനിയും 13 വര്‍ഷം കൂടി ബാക്കിയുണ്ട്. മ്യാന്മറില്‍ സൈനിക അട്ടിമറിയെത്തുടര്‍ന്നുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്.