‘തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍ഗ്രസ്

Jaihind News Bureau
Friday, May 1, 2026

തിരുവനന്തപുരം: ലീഡർ കെ. കരുണാകരൻ സ്‌ക്വയറിൽ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മെയ് ദിനാഘോഷം കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ കോർപ്പറേറ്റുകളുടെ ദയദാക്ഷിണ്യത്തിന് വിട്ടുകൊടുക്കുന്ന അപകടകരമായ സാഹചര്യത്തിലേക്കാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാജ്യത്തെ എത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനവിരുദ്ധ നയങ്ങളിലൂടെ തൊഴിലാളി വർഗ്ഗത്തെ സർക്കാർ വഞ്ചിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

തൊഴിലാളിയുടെ കീശയിൽ കൈയിട്ട് പണമെടുത്ത് മുതലാളിക്ക് കൊടുക്കുന്ന ഭരണമാണ് കേന്ദ്രത്തിൽ നടക്കുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മുൻ കെ.പി.സി.സി അധ്യക്ഷൻ കെ. മുരളീധരൻ വിമർശിച്ചു. തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി ദ്രോഹ നടപടികൾ സ്വീകരിക്കുകയാണെന്ന് ആർ. ചന്ദ്രശേഖർ പറഞ്ഞു. യദുവിനെപ്പോലുള്ള തൊഴിലാളികളെ വേട്ടയാടുന്ന ഭരണകൂട നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നൂറുകണക്കിന് തൊഴിലാളികളാണ് മെയ് ദിന റാലിയിൽ അണിനിരന്നത്.