“നിയമപോരാട്ടങ്ങളുടെ കരുത്തുറ്റ ശബ്ദം നിലച്ചു; ഡിജോ കാപ്പൻ അന്തരിച്ചു”

Jaihind News Bureau
Friday, May 1, 2026

 

സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പൻ അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാസങ്ങളായി അപകടത്തെത്തുടർന്നുള്ള ചികിത്സയിലായിരുന്നു അദ്ദേഹം. ഉപഭോക്തൃ അവകാശങ്ങൾക്കും ജനകീയ വിഷയങ്ങൾക്കുമായി കോടതിമുറികളിൽ നിരന്തരം കലഹിച്ച ഒരു വലിയ നിയമപോരാളിയെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടമാണ് ഡിജോ കാപ്പന്റെ ആരോഗ്യനില വഷളാക്കിയത്. ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിൽ നിന്ന് കാർ താഴേക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടമുണ്ടാകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് ഇന്ന് അന്ത്യം സംഭവിച്ചത്.

വെറുമൊരു രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി കേരളത്തിലെ സാധാരണക്കാരന്റെ ശബ്ദമായിരുന്നു ഡിജോ കാപ്പൻ. വൈദ്യുത നിരക്ക് വർദ്ധന, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയം, കൊച്ചിയിലെ മാലിന്യനീക്കം, റോഡുകളിലെ അനധികൃത പരസ്യബോർഡുകൾ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ കോടതി ഇടപെടൽ ഉറപ്പാക്കിയത് അദ്ദേഹത്തിന്റെ ഹർജികളായിരുന്നു.

1988-ൽ അദ്ദേഹം സ്ഥാപിച്ച സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ എന്ന സംഘടനയിലൂടെ കർഷകർക്കും ഉപഭോക്താക്കൾക്കുമായി അദ്ദേഹം നടത്തിയ നിയമപോരാട്ടങ്ങൾ ശ്രദ്ധേയമാണ്. കേരള വിദ്യാർത്ഥി കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ഡിജോ കാപ്പൻ, പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ മുതൽ കേരള സർവകലാശാല സെനറ്റ് അംഗം വരെയായി പ്രവർത്തിച്ചിട്ടുണ്ട്.

പൊതുവിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചിരുന്ന ഡിജോ കാപ്പന്റെ വിയോഗം സാമൂഹിക-രാഷ്ട്രീയ രംഗത്ത് വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം പിന്നീട് നടക്കും.