
കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇരുപതിനായിരം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന ആരോപണം അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ സേവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെ വോട്ടവകാശം ഉപയോഗിക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ ജില്ലാ കളക്ടറേറ്റുകളില്‍ സൗകര്യം ഒരുക്കിക്കൂടെ എന്നും കോടതി ആരാഞ്ഞു. കമ്മീഷന്റെ നിലപാടിനെതിരെ ‘ഇത്ര വാശി എന്തിനാണ്’ എന്നും കോടതി ചോദിച്ചു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കായി മതിയായ സൗകര്യം ഒരുക്കിയിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാല്‍ കോടതിക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്നും കമ്മീഷന്‍ വാദിച്ചു.