മലപ്പട്ടം മണല്‍ക്കൊള്ളക്കേസ്: സി.പി.എം നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 23 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Jaihind News Bureau
Thursday, April 23, 2026

കണ്ണൂര്‍: മലപ്പട്ടം പഞ്ചായത്തില്‍ നടന്ന ആറേ കാല്‍ കോടി രൂപയുടെ മണല്‍ക്കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളായ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരടക്കം 23 പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ നടന്ന ക്രമക്കേടുകളിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

മലപ്പട്ടം പഞ്ചായത്തിലെ അഡൂര്‍, കോവുന്തല, ചൂളിയാട്, പരിപ്പന്‍കടവ് എന്നിവിടങ്ങളില്‍ നിന്ന് മണലെടുത്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. സര്‍ക്കാര്‍ നിയമപ്രകാരമുള്ള കടവ് കമ്മിറ്റികള്‍ക്ക് പകരം സ്വകാര്യ വ്യക്തികളെ മാത്രം ഉള്‍പ്പെടുത്തി ‘പൂഴിത്തൊഴിലാളി കമ്മിറ്റികള്‍’ രൂപീകരിച്ചാണ് അഞ്ചുവര്‍ഷക്കാലം മണല്‍വാരല്‍ നടത്തിയത്. ഈ കമ്മിറ്റികളാണ് മണല്‍ വാരുന്നതിനും വില്‍പന നടത്തുന്നതിനും നേതൃത്വം നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തി.

സി.പി.എം നേതാക്കളായ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, പൂഴിത്തൊഴിലാളി കമ്മിറ്റി ഭാരവാഹികള്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. നിയമവിധേയമല്ലാത്ത രീതിയില്‍ രൂപീകരിച്ച സമിതികള്‍ വഴി മണല്‍വാരലും വില്‍പനയും കൈകാര്യം ചെയ്തതിലൂടെ ആറേ കാല്‍ കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.