
വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനക്രമീകരണം നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ വിവാദ നീക്കത്തിനെതിരെ ‘ഇന്ത്യ’ സഖ്യം പ്രതിഷേധം ശക്തമാക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ നിർണ്ണായക യോഗത്തിലാണ് കേന്ദ്ര നീക്കത്തെ സഭയിൽ നേരിടാൻ തീരുമാനമായത്. നിലവിലെ ബില്ല് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് കൊണ്ടുവന്ന രീതി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും യോഗത്തിന് ശേഷം മല്ലികാർജുൻ ഖർഗെ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്ത്രീകളുടെ അവകാശങ്ങളെ ബിജെപി തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന വികാരം പ്രതിപക്ഷ നേതാക്കൾ പങ്കുവെച്ചു.
ബില്ലിൽ വലിയ അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പ്രതികരിച്ചത്. സംവരണത്തിന്റെ പേരിൽ മണ്ഡലങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും അതുവഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനുമുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പാർലമെന്റിൽ ബില്ലിനെതിരെ വോട്ട് ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ സംയുക്ത തീരുമാനം. സർക്കാരിന്റെ ഇരട്ടത്താപ്പ് ജനങ്ങൾക്കിടയിൽ തുറന്നുകാട്ടുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം, ഖർഗെയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിന്ന് സി.പി.എം നേതാവ് എം.എ. ബേബിയും സി.പി.ഐ നേതാവ് ഡി. രാജയും വിട്ടുനിന്നത് ശ്രദ്ധേയമായി. എങ്കിലും ബില്ലിലെ മണ്ഡല പുനർനിർണ്ണയ വ്യവസ്ഥകൾക്കെതിരെ സഖ്യത്തിലെ ഭൂരിഭാഗം കക്ഷികളും കടുത്ത നിലപാടിലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് മേൽക്കൈ നൽകുന്ന രീതിയിൽ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള നീക്കത്തെ ഏതൊരു വിലകൊടുത്തും ചെറുക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ നീക്കം.