
പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ കൂടുതൽ പ്രതിരോധത്തിലാക്കി പുതിയ തെളിവുകൾ പുറത്ത്. വയോധികയ്ക്ക് പണം കൈമാറിയ യുവതിയെ തനിക്ക് അറിയില്ലെന്ന ശോഭയുടെ വാദം പൊളിക്കുന്ന ചിത്രങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന യുവതി ശോഭ സുരേന്ദ്രനൊപ്പം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചയായിരിക്കുന്നത്.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബിജെപി ഓഫീസ് സന്ദർശിച്ച സമയത്ത് ഈ യുവതി അവിടെയുണ്ടായിരുന്നുവെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. സ്ഥാനാർത്ഥിക്ക് തൊട്ടടുത്ത് തന്നെ ഇവർ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കൂടാതെ, ഇതേ യുവതി ശോഭ സുരേന്ദ്രന്റെ കാറിൽ ഒപ്പമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതൽ വീഡിയോ ദൃശ്യങ്ങളും കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ടു. തന്നെ അറിയില്ലെന്ന സ്ഥാനാർത്ഥിയുടെ വാദം പച്ചക്കള്ളമാണെന്നാണ് കോൺഗ്രസ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ ഈ ആരോപണം ഉയർന്നപ്പോൾ തന്നെ വേട്ടയാടാൻ ശ്രമിക്കുകയാണെന്നും കണ്ണാടി പഞ്ചായത്തിൽ കാൻസർ രോഗിയെ കാണാനാണ് താൻ പോയതെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ വിശദീകരണം. വികസനവും രാഷ്ട്രീയവും പറഞ്ഞ് മാത്രമാണ് വോട്ട് ചോദിക്കുന്നതെന്നും പണം നൽകിയ സ്ത്രീയെ അറിയില്ലെന്നും അവർ ആവർത്തിച്ചിരുന്നു. എന്നാൽ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്ഥാനാർത്ഥി പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.