സിപിഎമ്മിന് വൈകി വന്ന വിവേകം; പത്മകുമാറിനെ തള്ളാന്‍ പാര്‍ട്ടി; പുറത്താക്കല്‍ നാടകം തുടങ്ങുന്നു; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

Jaihind News Bureau
Thursday, March 12, 2026

ശബരിമലയിലെ  സ്വർണ്ണപ്പാളികൾ മോഷ്ടിച്ച് ചെമ്പാക്കി മാറ്റിയെന്ന ഗൗരവകരമായ കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ സി.പി.എം കൈവിടുന്നു. സ്വർണ്ണക്കൊള്ളക്കേസിൽ പാർട്ടിക്ക് കടുത്ത അവമതിപ്പുണ്ടാക്കിയെന്ന് ആരോപിച്ചാണ് പത്തനംതിട്ട ജില്ലാ നേതൃത്വം പത്മകുമാറിന് നോട്ടീസ് നൽകിയിരിക്കുന്നത്. 105 ദിവസത്തെ ജയിൽവാസത്തിന് ശേഷം പത്മകുമാർ പുറത്തിറങ്ങിയതോടെയാണ് പാർട്ടിക്ക് പെട്ടെന്ന് ‘അച്ചടക്ക ബോധം’ ഉണർന്നിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നീക്കമെന്നാണ് സൂചന.

വാതിൽപാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും വിജിലൻസ് കോടതിയിൽ നിന്ന് സ്വാഭാവിക ജാമ്യം ലഭിച്ചാണ് പത്മകുമാർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. എന്നാൽ, 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടത് പത്മകുമാറിനെ സഹായിക്കാനാണെന്ന ആരോപണം ശക്തമായി നിലനിൽക്കുന്നുണ്ട്. സ്വർണ്ണപ്പാളികൾ മോഷ്ടിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്കും സംഘത്തിനും പത്മകുമാർ അവസരമൊരുക്കിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. അഴിമതിയും കൊള്ളയും പുറത്തായതോടെ അണികളുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.

നടപടിയുടെ ആദ്യഘട്ടമെന്ന നിലയിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. വിശദീകരണം തേടിയ ശേഷം പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് നിലവിലെ നീക്കം. ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ തന്റെ വിശ്വസ്തനായ നേതാവിനെ ഇത്രകാലം സംരക്ഷിച്ച ശേഷം, ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് സി.പി.എം ഇപ്പോൾ പുറത്താക്കൽ നാടകവുമായി രംഗത്തെത്തിയിരിക്കുന്നത്.