‘ഇത്രയും തറ പ്രവൃത്തി കാണിച്ച മന്ത്രി വേറെയില്ല; ഗണേഷ് കുമാർ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത്”; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

Jaihind News Bureau
Tuesday, March 10, 2026

മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ പെരുമാറ്റം അതീവ തരംതാണതാണെന്നും, അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു മന്ത്രി എന്ന നിലയിൽ പാലിക്കേണ്ട മിനിമം മര്യാദ പോലും അദ്ദേഹം കാണിക്കുന്നില്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തോട് കാണിക്കേണ്ട മാന്യത ഒട്ടും പുലർത്താത്ത ഗണേഷ് കുമാർ, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിസഭയ്ക്ക് ഒരു ‘പുഴുക്കുത്താണ്’. അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവർത്തികളിലും പ്രകടമാകുന്ന ദാർഷ്ട്യവും മാടമ്പിത്തരവും പൊതുസമൂഹത്തിന് അപമാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തനിക്ക് അയ്യായിരത്തോളം പ്രണയബന്ധങ്ങളുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു. മാനസികനില ശരിയുള്ള ആരും ഇത്തരത്തിൽ സംസാരിക്കില്ലെന്നും, ഇത്തരം അസഭ്യമായ കാര്യങ്ങൾ പറയുന്ന മന്ത്രി കേരളത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കസേരയിൽ ഇരിക്കുമ്പോൾ കാണിക്കേണ്ട നിലവാരം ഗണേഷ് കുമാർ കാത്തുസൂക്ഷിക്കുന്നില്ലെന്നും, ശുംഭൻ എന്നൊക്കെ ആരെങ്കിലും വിശേഷിപ്പിച്ചാൽ അത് തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് ഗണേഷ് കുമാറിന്റെ കുറ്റകൃത്യം ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതൊരു വ്യക്തിപരമായ പ്രശ്നമല്ല, മറിച്ച് പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയമാണ്. അതിനാൽ, ജനങ്ങൾക്ക് തൃപ്തികരമായ രീതിയിൽ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭയുടെ അന്തസ്സ് നിലനിർത്താൻ ഇത്തരക്കാരെ പുറത്താക്കണമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.