പി. ജയരാജനും പിണറായിക്കും ജയ് വിളി; വിപ്ലവഗാനത്തിനൊപ്പം നൃത്തം ചവിട്ടി കാഴ്ചവരവ്; കണ്ണൂരില്‍ ക്ഷേത്രത്തില്‍ രാഷ്ട്രീയ പ്രചാരണം

Jaihind News Bureau
Tuesday, March 10, 2026

ക്ഷേത്ര ഉത്സവത്തിനിടെ സി.പി.എം പ്രചാരണ ഗാനങ്ങളും മുഖ്യമന്ത്രിയുടെ പ്രസംഗവും ഉള്‍പ്പെടുത്തി ‘കാഴ്ചവരവ്’. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ ചാമ്പാട് ശ്രീകൂര്‍മ്പ ഭഗവതി ക്ഷേത്രത്തിലാണ് ആചാരപരമായ ചടങ്ങുകള്‍ക്കിടെ രാഷ്ട്രീയ പ്രചാരണം നടന്നത്. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ഈ നിയമലംഘനം വലിയ വിവാദമായിരിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന ചാമ്പാട് ശ്രീകൂര്‍മ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള വിളിയോട് മുണ്ടമെട്ട കാഴ്ച കമ്മിറ്റിയുടെ കാഴ്ചവരവിലാണ് രാഷ്ട്രീയ അതിപ്രസരം ഉണ്ടായത്. കാഴ്ച ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അകമ്പടിയായി വിപ്ലവ ഗാനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗവുമാണ് ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിച്ചത്. ഇതിനൊപ്പം കാഴ്ച സംഘത്തോടൊപ്പം എത്തിയവര്‍ പാര്‍ട്ടിക്ക് അനുകൂലമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രചാരണ പരിപാടികള്‍ പാടില്ലെന്ന കര്‍ശനമായ നിയമം നിലനില്‍ക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാവ് പി. ജയരാജനും അനുകൂലമായ മുദ്രാവാക്യ വിളികള്‍ ക്ഷേത്ര മുറ്റത്ത് ഉയര്‍ന്നത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇത് തടയാന്‍ ശ്രമിക്കാതെ കാഴ്ചക്കാരായി നോക്കിനിന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.

തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് സമാനമായ രീതിയില്‍ ഉത്സവത്തെ മാറ്റിയതിന് പിന്നില്‍ ഉത്സവ ആഘോഷ കമ്മിറ്റിയിലെ ഭാരവാഹികളായ സി.പി.എം പ്രാദേശിക നേതാക്കളാണെന്നാണ് സൂചന. ക്ഷേത്രത്തിന്റെ ആചാരങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.