
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ആദ്യ നോവല്‍ ‘നിയോഗം’ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരന് ടി. പത്മനാഭന് പുസ്തകം പ്രകാശനം ചെയ്തു. മികച്ച രചനാശൈലിയാണ് രമേശ് ചെന്നിത്തലയുടേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ ഒരു കോണ്‍ഗ്രസുകാരനാണെന്ന് വ്യക്തമാക്കിയ ടി. പത്മനാഭന്, വരും തലമുറകള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കും ‘നിയോഗം’ എന്നും മികച്ച നോവലുകളില്‍ ഒന്നാണിതെന്നും പ്രശംസിച്ചു.
സാഹിത്യകാരന് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ അധ്യക്ഷനായ ചടങ്ങില്‍ സംവിധായകന് ബ്ലെസി പുസ്തകം ഏറ്റുവാങ്ങി. ടി. പത്മനാഭനൊപ്പം ആദ്യമായി വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബ്ലെസി പറഞ്ഞു. മലയാളത്തിലെ നോവല്‍ സാഹിത്യത്തെ ആഴത്തില്‍ മനസ്സിലാക്കിയ വ്യക്തിയാണ് രമേശ് ചെന്നിത്തലയെന്നും, നിരവധി മനോഹരമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രം പോലെയാണ് ഈ നോവലെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
നിരവധി പുസ്തകങ്ങളുടെ കര്‍ത്താവായ രമേശ് ചെന്നിത്തലയുടെ ആദ്യ നോവലാണ് ‘നിയോഗം’. അനേകം പേരുടെ സ്നേഹവും സഹായവുമാണ് ഈ നോവലിന്റെ പൂര്‍ത്തീകരണത്തിന് പിന്നിലെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മൂന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് നോവല്‍ മുന്നോട്ട് പോകുന്നത്. തന്റെ ജന്മനാടായ ഓണാട്ടുകരയുടെ ചരിത്രം പശ്ചാത്തലമാക്കിയുള്ള മറ്റൊരു പുസ്തകത്തിന്റെ രചന ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
മനോരമ ബുക്സ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് തോമസ് ഡൊമിനിക്, ഡോ. പി.കെ. രാജശേഖരന് തുടങ്ങിയ സാഹിത്യ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.