
വനിതാ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ വിദ്യാർത്ഥിനികളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ സംവാദത്തിന്റെ വീഡിയോ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു. താൻ വളർന്നത് സ്ത്രീകളെ തീരുമാനങ്ങൾ എടുക്കുന്നവരായി കണ്ട കുടുംബത്തിലാണെന്നും, തന്റെ കുടുംബത്തിൽ എന്നും സ്ത്രീകൾക്കായിരുന്നു ആധിപത്യമെന്നും രാഹുൽ വ്യക്തമാക്കി. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ദീർഘകാല ചിന്താഗതിയും വൈകാരിക ബുദ്ധിയും (Emotional Intelligence) കൂടുതലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. പുരുഷന്മാർ പലപ്പോഴും തിടുക്കപ്പെട്ട് കാര്യങ്ങൾ ചെയ്യുമ്പോൾ, സ്ത്രീകൾ പരോക്ഷമായ ശക്തി ഉപയോഗിച്ച് കൂടുതൽ ഫലപ്രദമായി തീരുമാനങ്ങളെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥിനികളുടെ സ്വപ്നങ്ങളും ആത്മവിശ്വാസവും തന്നെ അങ്ങേയറ്റം ആകർഷിച്ചെന്ന് രാഹുൽ പറഞ്ഞു. സ്ത്രീകൾ തങ്ങളുടെ സാധ്യതകളെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുമ്പോൾ സമൂഹത്തിൽ അസാധാരണമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സമൂഹത്തിന് സന്തുലിതാവസ്ഥയും ദിശാബോധവും നൽകുന്നതിൽ സ്ത്രീകളുടെ സംവേദനക്ഷമതയും തിരിച്ചറിവുകളും വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം തന്റെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിലൂടെ വ്യക്തമാക്കി.
വികസനത്തിൽ സ്ത്രീകളുടെ പങ്ക് വലുതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഓർമ്മിപ്പിച്ചു. ബി.ആർ. അംബേദ്കറുടെ ‘നിങ്ങൾ ജനിച്ചത് ദുരിതമനുഭവിക്കാനല്ല, ഉയരാനാണ്’ എന്ന വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആശംസ. സ്ത്രീകൾ വികസനത്തിന്റെ വെറും പങ്കാളികളല്ല, മറിച്ച് അതിന്റെ ചാലകശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ സ്ത്രീയും തങ്ങളുടെ കരുത്തും അവകാശങ്ങളും തിരിച്ചറിയണമെന്നും ഭാവി രൂപപ്പെടുത്താനുള്ള അധികാരം നിങ്ങൾക്കുണ്ടെന്നും പ്രിയങ്ക ഗാന്ധി വദ്ര തന്റെ വനിതാ ദിന സന്ദേശത്തിൽ വ്യക്തമാക്കി.