അഹമ്മദാബാദിൽ ഇന്ത്യൻ സിംഹഗർജ്ജനം; സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ; കിവീസിനെ തകർത്ത് ഇന്ത്യക്ക് മൂന്നാം ലോകകിരീടം

Jaihind News Bureau
Monday, March 9, 2026

ലോകകപ്പ് കിരീടം നിലനിർത്തി ഇന്ത്യ ചരിത്രം കുറിച്ചിരിക്കുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസീലൻഡിനെ 96 റൺസിന് തകർത്താണ് ടീം ഇന്ത്യ മൂന്നാം ടി20 ലോകകിരീടം ഉയർത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 98 റൺസ് കൂട്ടിച്ചേർത്തു. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് ശർമ്മ (21 പന്തിൽ 52) പുറത്തായെങ്കിലും ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സഞ്ജു തകർത്തടിച്ചു. 46 പന്തിൽ 89 റൺസെടുത്ത സഞ്ജുവിന്റെ ഇന്നിംഗ്‌സിൽ എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളും ഉൾപ്പെട്ടിരുന്നു. അവസാന ഓവറുകളിൽ ശിവം ദുബെ (8 പന്തിൽ 26) നടത്തിയ വെടിക്കെട്ടുകൂടിയായപ്പോൾ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറിലെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിന് പവർ പ്ലേയിൽ തന്നെ മുൻനിര വിക്കറ്റുകൾ നഷ്ടമായി. ജസ്പ്രീത് ബുംറയുടെ മാരക ബൗളിംഗിന് മുന്നിൽ ഫിൻ അലൻ (9), രചിൻ രവീന്ദ്ര (1), ഗ്ലെൻ ഫിലിപ്‌സ് (5) എന്നിവർ നിസ്സഹായരായി. ടിം സീഫെർട്ട് (26 പന്തിൽ 52) പൊരുതി നോക്കിയെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. മിച്ചൽ സാന്റ്‌നർ (43), ഡാരിൽ മിച്ചൽ (17) എന്നിവർ മാത്രമാണ് പൊരുതി നിന്ന മറ്റു താരങ്ങൾ. 19 ഓവറിൽ 159 റൺസിന് കിവീസ് നിരയെ എറിഞ്ഞൊതുക്കി ഇന്ത്യ കിരീടമുറപ്പിച്ചു.

ടി20 ലോകകപ്പ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യ സ്വന്തമാക്കി. ന്യൂസീലൻഡിനെതിരെ ലോകകപ്പിൽ ജയിക്കാനായിട്ടില്ല എന്ന ചരിത്രപരമായ കുറവ് അഹമ്മദാബാദിൽ തിരുത്തിക്കുറിക്കപ്പെട്ടു. നാല് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറ ഇന്ത്യൻ ബോളിംഗ് നിരയിൽ കരുത്തായി മാറിയപ്പോൾ, ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസൺ ഫൈനലിലും ടീമിന്റെ ടോപ് സ്കോററായി.