ഖമനെയിയുടെ രഹസ്യനീക്കം പൊളിച്ചത് ഇങ്ങനെ; ശനിയാഴ്ച നടന്ന ആ അപ്രതീക്ഷിത സൈനിക നീക്കം; ‘മരണക്കെണി’ക്ക് പിന്നിൽ

Jaihind News Bureau
Sunday, March 1, 2026

പശ്ചിമേഷ്യൻ ചരിത്രത്തിലെ നിർണ്ണായകമായ ഒരു അധ്യായത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഖമനെയി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ടെഹ്‌റാനിലെ അതിസുരക്ഷാ മേഖലയിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഖമനെയി ഉന്നത ഉപദേശകരുമായി രഹസ്യ കൂടിക്കാഴ്ച നടത്തുന്നുവെന്ന കൃത്യമായ വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ ഈ സൈനിക നടപടിക്ക് തുടക്കമിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച വൈകുന്നേരം നടക്കാനിരുന്ന യോഗം പെട്ടെന്ന് ശനിയാഴ്ച രാവിലെയാക്കാൻ ഖമനെയി തീരുമാനിച്ചത് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം മുൻകൂട്ടി കണ്ടെത്തിയിരുന്നു. അദ്ദേഹം ഒളിവിൽ പോകാനുള്ള സാധ്യത ഒഴിവാക്കാൻ ആക്രമണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വസതി ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അതിശക്തമായ ബോംബാക്രമണത്തിൽ ഖമനെയിയുടെ വസതി പൂർണ്ണമായും തകർക്കപ്പെട്ടു. ഖമനെയി യുഗത്തിന് ഇതോടെ അന്ത്യമായെന്നാണ് ഇസ്രായേൽ സൈനിക വൃത്തങ്ങൾ അവകാശപ്പെടുന്നത്.

 തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഖമനെയിയുടെ മൃതദേഹം കണ്ടെടുത്തതായി സാറ്റലൈറ്റ് ചിത്രങ്ങളും ഇസ്രായേലി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ ചിത്രങ്ങൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കൈമാറുകയും അദ്ദേഹം അത് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ഔദ്യോഗികമായി ഖമനെയിയുടെ മരണവാർത്ത ലോകത്തെ അറിയിച്ചു. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പ്രഹരമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.