ഇടതുപക്ഷം തീവ്ര വലതുപക്ഷ പാതയില്‍; കവി സച്ചിദാനന്ദന്റേത് കേരളത്തിന്റെ പൊതുവികാരം: വി.ഡി. സതീശന്‍

Jaihind News Bureau
Monday, February 9, 2026

കണ്ണൂര്‍: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് നിലപാടുകളില്‍ നിന്ന് വ്യതിചലിച്ച് സംഘപരിവാറിന് സമാനമായ തീവ്ര വലതുപക്ഷ പാതയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുതുയുഗ യാത്രയുടെ ഭാഗമായി കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ വിവിധ തുറകളിലുള്ള 33 വിഭാഗം ആളുകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വലിയ ജനകീയ പ്രശ്‌നങ്ങളാണ് ഉയര്‍ന്നുവന്നതെന്നും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ്ണമായ അഭാവമാണ് നാട്ടില്‍ പ്രകടമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷത്തിന് ഇനിയൊരു ഭരണത്തുടര്‍ച്ച ഉണ്ടാകരുത് എന്ന കവി സച്ചിദാനന്ദന്റെ പ്രസ്താവന യുഡിഎഫ് നിലപാട് ശരിവെക്കുന്നതാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇടതു സഹയാത്രികര്‍ പോലും ഭരണത്തുടര്‍ച്ച വേണ്ടെന്ന് ആഗ്രഹിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പൊതുവികാരമാണ് സച്ചിദാനന്ദനിലൂടെ പുറത്തുവന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് പോലും ഈ സര്‍ക്കാരിനോട് പിന്തുണയില്ലെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത നടപടിയെ പ്രതിപക്ഷ നേതാവ് ശക്തമായി വിമര്‍ശിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ പേരിലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതെങ്കില്‍, അതേ കാരണത്താല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. തട്ടിപ്പുകാരനാണെന്ന് അറിയുന്നതിന് മുന്‍പുള്ള പഴയ ഫോട്ടോകളുടെ പേരില്‍ പുകമറയുണ്ടാക്കി രാഷ്ട്രീയ പകപോക്കലിനാണ് സിപിഎം ശ്രമിക്കുന്നതെന്നും അന്വേഷണ സംഘത്തിന് മേല്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ പോലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നോട്ടീസ് നല്‍കിയപ്പോള്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണ്. സിപിഎമ്മിന് അന്തസ്സും മര്യാദയുമില്ലെന്നും സംഘപരിവാറിന്റെ അതേ രീതിയിലാണ് കേരളത്തിലെ സിപിഎം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.