
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായകമായ ഫൊറന്‍സിക് പരിശോധനാ ഫലം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. വി.എസ്.എസ്.സിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പ്രതികള്‍ അവകാശപ്പെട്ടതിനേക്കാള്‍ വലിയ അളവില്‍ സ്വര്‍ണ്ണം നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന സൂചന.
ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങള് എന്നിവയില്‍ നിന്ന് 989 ഗ്രാം സ്വര്‍ണ്ണം ഉരുക്കിയെടുത്തതായും അതില്‍ 575 ഗ്രാം തിരികെ പൂശിയെന്നുമാണ് പ്രതികളായ ഉണ്ണികൃഷ്ണന് പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്ധന് എന്നിവര്‍ നല്കിയ മൊഴി. ബാക്കി വന്ന സ്വര്‍ണ്ണത്തിന് തത്തുല്യമായ തുക നല്‍കിയെന്നും ഇവര്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ രണ്ടാംഘട്ട പരിശോധനയില്‍ വ്യക്തമായി. കിലോക്കണക്കിന് സ്വര്‍ണ്ണം ഇവിടെ നിന്ന് നഷ്ടപ്പെട്ടതായാണ് ശാസ്ത്രീയ നിഗമനം.
നാളെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവ് സംബന്ധിച്ച ഈ നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘം നാളെ ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുമായി എസ്.ഐ.ടി സംഘം കൂടിക്കാഴ്ച നടത്തുകയും സാങ്കേതിക വശങ്ങളില് കൂടുതല്‍ വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്.