K C Venugopal | മോദി സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുക്കിയ കെണി: കെസി വേണുഗോപാല്‍ എംപി

Jaihind News Bureau
Saturday, July 19, 2025

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുക്കിയ കെണിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആഴക്കടല്‍ മത്സ്യബന്ധന നയത്തിനെതിരെയും, കടല്‍ മണല്‍ ഖനന നടപടികള്‍ക്കെതിരേയും, അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

കടല്‍ മണല്‍ ഖനനവും ആഴക്കടലില്‍ വലിയ കപ്പലുകള്‍ക്ക് അനുമതി നല്‍കുന്ന മത്സ്യബന്ധന നയവും കേന്ദ്രസര്‍ക്കാരിന്റെ ബ്ലു ഇക്കോണമി നയങ്ങളുടെ തുടര്‍ച്ചയാണ്. കടല്‍ സമ്പത്ത് അദാനിക്കും അംബാനിക്കുകമായി വീതം വെയ്ക്കുകയാണ്. അതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍. വന്‍കിട കപ്പല്‍ കമ്പനികളുടെ കടന്നുവരവ് ഈ മേഖലയില്‍ പണിയെടുക്കുന്ന ചെറുയാനങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തിന് ഭീഷണിയാണ്. അനുവദനീയമായ യാനങ്ങളുടെ മൂന്ന് മടങ്ങ് നിലവിലുള്ളപ്പോഴാണ് വന്‍കിട കപ്പലുകള്‍ക്ക് കൂടി ആഴക്കടലില്‍ അനുമതി നല്‍കുന്നത്.

പരമ്പരാഗത മത്സ്യത്തൊളിലാളികളുടെ സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യം വെട്ടിച്ചുരുക്കുമ്പോള്‍ കോടികള്‍ വിലവരുന്ന യാനങ്ങള്‍ക്ക് 50 ശതമാനം വരെ സബ്‌സിഡിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കോ അവരുടെ സഹകരണ പ്രസ്ഥാനത്തിനോ മാത്രമായി യാനങ്ങള്‍ അനുവദിക്കണമെന്ന നമ്മുടെ നിലപാടിന്റെ നേരെ എതിര്‍ ദിശയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ പോക്ക്.
വന്‍കിട കപ്പലുകളുടെ കടന്ന് വരവ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കും. പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വന്‍കിട മുതലാളിമാര്‍ക്ക് തീറെഴുതിയ ശേഷമാണ് കടലിനെയും രാജ്യത്തെ രണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് മോദി ഭരണകൂടം വില്‍ക്കുന്നതെന്നും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.

മത്സ്യത്തൊഴിലാളികളുടെ ജീവിതയാഥാര്‍ത്ഥ്യം സര്‍ക്കാര്‍ മനസിലാക്കണം. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനല്ല,കഷ്ടപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി ദ്രോഹ നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കി കൂട്ടുനില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. തുറമുഖ വികസനം നടത്തുമ്പോള്‍ മത്സ്യത്തൊഴിലാളികളെ പരിഗണിക്കണം. അതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

മത്സ്യത്തൊഴിലാളികളുടെ ജീവിതയാഥാര്‍ത്ഥ്യം സര്‍ക്കാര്‍ മനസിലാക്കണം. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനല്ല,കഷ്ടപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി ദ്രോഹ നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കി കൂട്ടുനില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. തുറമുഖ വികസനം നടത്തുമ്പോള്‍ മത്സ്യത്തൊഴിലാളികളെ പരിഗണിക്കണം. അതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

അടുത്ത യുഡിഎഫ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കും 

മത്സ്യത്തൊഴിലാളി സമൂഹത്തെ കുറിച്ച് ഒന്നും അറിയാത്തവരാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി പിആര്‍ പണിയെടുക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. പുനര്‍ഗേഹം പദ്ധിക്കായി നിര്‍മ്മിച്ച എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരസ്യത്തില്‍ മത്സ്യത്തൊഴിലാളിക്ക് ഇഷ്ടമല്ലാത്ത ജാതിപ്പേര് ഉള്‍പ്പെടുത്തി അധിക്ഷേപിക്കുകയാണ്. മന്ത്രിമാരുടേയും സര്‍ക്കാരിന്റെയും നിലപാട് കേരളത്തിലെ ഓരോ സമൂഹത്തേയും അധിക്ഷേപിക്കുന്നത്. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പരാതിപറയാനെത്തിയ മത്സ്യത്തൊഴിലാളികളെ താടിവെച്ച ഗുണ്ടകളെന്ന് വിളിച്ചാണ് അധിക്ഷേപിച്ചതെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കപ്പല്‍ അപകടം ഉണ്ടായപ്പോള്‍ അദാനിയുമായി പങ്കാളിത്തമുള്ള കപ്പല്‍ കമ്പനിക്കെതിരെ എഫ് ഐ ആര്‍ എടുക്കാന്‍ പോലും തയ്യാറായില്ല. നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കേസെടുക്കണമെന്ന് ശക്തമായി ഞങ്ങള്‍ വാദിച്ചു. താന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.ടിഎന്‍ പ്രതാപന്‍ ഹൈക്കോടതിയെ സമീപിച്ചു. അതിന് ശേഷമാണ് കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. മുങ്ങിയ കണ്ടയ്നെറുകളില്‍ തട്ടി വലയും ബോട്ടും നശിക്കുന്നത് കാരണം മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനുള്ള നഷ്ടപരിഹാരം പോലും സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

കപ്പല്‍ അപകടത്തെ തുടര്‍ന്നുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് പഠിക്കണം. ആലപ്പുഴ മാത്രം നാലു ഡോള്‍ഫിനും രണ്ടു തിമിംഗലവും ചത്തടിഞ്ഞു.ഇത് സ്വാഭാവിക പ്രതിഭാസമായി കാണാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നാല്‍ കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല സംഘം കേന്ദ്രസര്‍ക്കാരിനെ പോലും തയ്യാറാകുന്നില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

യുപിഎ സര്‍ക്കാര് നല്‍കിയ മണ്ണെണ്ണ സബ്സിഡി കേന്ദ്രസര്‍ക്കാരും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മത്സ്യഫെഡ് വഴി നല്‍കിയ 50 ശതമാനം സബ്സിഡിയില്‍ നല്‍കിയ മണ്ണെണ്ണ പിണറായി സര്‍ക്കാരും വെട്ടിച്ചുരിക്കി.

മത്സ്യത്തൊഴിലാളികളുടെ ലൈഫ് ഇല്ലാതാക്കുന്നതാണ് കേരള സര്‍ക്കാരിന്റെ ഭവനപദ്ധതി. മതിയായ ധനസഹായം നല്‍കുന്നില്ല.ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം നല്‍കുന്നില്ല. അതുകൊണ്ട് തന്നെ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവനപദ്ധതി കൊണ്ടുവരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എംപി ടിഎന്‍ പ്രതാപന്‍, മത്സ്യത്തൊഴിലാളി ദേശീയ പ്രസിഡന്റ് ആംസ്ട്രോങ് ഫെര്‍ണാണ്ടോ, ഡിസിസി പ്രസിഡന്റ് പാലോട് രവി ,മുന്‍മന്ത്രി വിഎസ് ശിവകുമാര്‍ ജയ്സണ്‍ പൂന്തുറ തുടങ്ങിയവര്‍ പങ്കെടുത്തു,