RAIN ALERT|സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Jaihind News Bureau
Saturday, July 19, 2025

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

ഇന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കി. ചൊവ്വാഴ്ച വരെ മഴ തുടരും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു, വിലക്കുണ്ട്. അതിതീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധിയായിരിക്കും. അതേസമയം കണ്ണൂര്‍ ജില്ലയില്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി.

കോഴിക്കോട് ജില്ലയുടെ വടക്കന്‍ മേഖലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വടകര താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.