മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തം; 7 മരണം

Jaihind Webdesk
Friday, December 28, 2018

Mumbai-Fire

മുംബൈയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിച്ച് 7 പേർ മരിച്ചു. ചെമ്പൂർ തിലക് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 14 -ാം നിലയിലാണ് തീപിടുത്തം ഉണ്ടായത്.

തീ പൂർണ്ണമായി അണച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാൻ ഇനിയും വൈകിയേയ്ക്കും. 35 നില കെട്ടിടത്തിന്‍റെ പതിനാലാം നിലയില്‍ വൈകീട്ട് 7.46 ഓടുകൂടിയാണ് ആദ്യം തീ ശ്രദ്ധയില്‍പ്പെട്ടതെന്നും  7.51 ന് തങ്ങള്‍ക്ക് വിവരം ലഭിച്ചെന്നും അഗ്നിശമന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മരിച്ചവരിൽ ഭൂരിഭാഗവും വയോധികരാണ്. തീപര്‍ന്നപ്പോള്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയാതിരുന്നവരാണ് മരിച്ചതെന്ന് കരുതുന്നു. മരിച്ച സുനിതാ ജോഷി (72), ബാലചന്ദ്ര ജോഷി (72), സുമന്‍ ജോഷി (83), സരള സുരേഷ് (52), ലക്ഷ്മിബെന്‍ പ്രേംജി (83) എന്നിവരെ തിരിച്ചറിഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥനും സമീപവാസിക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെട്ടിടത്തിന്‍റെ മറ്റു നിലകളിലുള്ള ആളുകളെ ഒഴിപ്പിച്ചു. അഗ്നിശമന സേനയുടെ 8 യൂണിറ്റ് ടാങ്കറുകൾ തീ അണയ്ക്കാൻ എത്തി. തീപിടുത്തത്തിന്‍റെ കാരണം ഇതു വരെയും വ്യക്തമായിട്ടില്ല.