മുംബൈയിൽ അനധികൃത പാർക്കിംഗിന് 23,000 രൂപ വരെ പിഴ ഈടാക്കും

Jaihind Webdesk
Thursday, July 11, 2019

മുംബൈയിൽ അനധികൃത പാർക്കിങ് നടത്തുന്നവർക്ക് 23,000 രൂപ വരെ പിഴ ഈടാക്കാനാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.

ഇരു ചക്ര വാഹനങ്ങൾക്കാണെങ്കിൽ പിഴ 5,000 രൂപ മുതൽ 8,300 രൂപ വരെയാണ് ഈടാക്കുക. വലിയ വാഹനങ്ങൾക്ക് 15,000 മുതൽ 23,000 രൂപ വരെയും പിഴ ഈടാക്കും.

മുംബൈയിലെ അംഗീകൃത പാർക്കിങ് സ്ഥലങ്ങളുടെയും ബെസ്റ്റ് ഡിപ്പോകളുടെയും 500 മീറ്റർ ചുറ്റളവിലാണ് ആദ്യ ഘട്ടത്തിൽ നിയമം നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി ഇത് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുവാനാണ് പരിപാടി. പാർക്ക് ചെയ്ത വാഹനത്തിന്‍റെ മൂല്യവും പാർക്കിംഗ് സ്ഥലത്തിന്‍റെ വാണിജ്യ പ്രാ ധാന്യവും കണക്കിലെടുത്താവും പിഴ സംഖ്യ തീരുമാനിക്കുന്നത്. പിഴയടക്കാൻ കാലതാമസം നേരിട്ടാൽ തുക കൂടുതൽ ഈടാക്കുമെന്നും നഗരസഭാ പുറത്തു വിട്ട അറിയിപ്പിൽ പറയുന്നു.

കാൽ നട യാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും സൗകര്യം മാനിച്ചാണ് പാർക്കിങ് നിരോധിച്ചിട്ടുള്ള മേഖലകളെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ഇത്തരക്കാരിൽ നിന്നും പിഴ കൂടാതെ വാഹനങ്ങൾ വലിച്ചു കൊണ്ട് പോകുന്നതിനായുള്ള കൂലിയും ഈടാക്കും. മുൻ സൈനികരെയും സ്വകാര്യ സുരക്ഷാ ഭടന്മാരെയും ഇതിനായി പ്രത്യേകം നിയമിക്കുവാനാണ് തീരുമാനം.