മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

Jaihind Webdesk
Tuesday, November 12, 2019

മുംബൈ : നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണരുടെ ശുപാര്‍ശ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് രാഷ്ട്രപതി ഭരണത്തിന് തീരുമാനമായത്.

ബി.ജെ.പിയോടും ശിവസേനയോടും എന്‍.സി.പിയോടും ഗവർണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമപരിധിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ബി.ജെ.പി അറിയിച്ചു. തുടർന്ന് ശിവസേനയ്ക്കും എന്‍.സി.പിക്കും ഗവർണർ സമയം അനുവദിച്ചെങ്കിലും  നീക്കുപോക്ക് ഉണ്ടാകാതെ വന്നതോടെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.

എന്നാല്‍ സമയം അനുവദിച്ചത് സംബന്ധിച്ച് ശിവസേനയ്ക്ക് പരാതിയുണ്ട്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.  ശിവസേന അധികസമയം ചോദിച്ചിട്ടും ഗവര്‍ണര്‍ അനുവദിച്ചില്ല. അതേസമയം എന്‍.സിപിക്ക് ഇന്ന് രാത്രി 8.30 വരെയാണ് സമയം അനുവദിച്ചിരുന്നതെങ്കിലും ഇതിന് മുമ്പ് തന്നെ ഗവർണര്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.