കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തം നിയന്ത്രണ വിധേയം; അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് മേയർ

Jaihind News Bureau
Wednesday, February 19, 2020

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം നിയന്ത്രണ വിധേയമായി. എന്നാൽ ഇപ്പോഴും പുക ഉയരുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേസമയം, മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അട്ടിമറി സാധ്യത ഉണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് കൊച്ചി മേയർ സൗമിനി ജയിൻ വ്യക്തമാക്കി.

എറണാകുളം കോട്ടയം ജില്ലകളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. എന്നാൽ പുക ഇപ്പോഴും ഉയരുകയാണ്. മൂന്ന് ഏക്കറോളം വ്യാപിച്ച് കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിനാണ് തീ പിടിത്തമുണ്ടായത്. മാലിന്യങ്ങൾ കത്തി പിടിക്കുന്ന ചൂടും വെയിലിന്‍റെ ചൂടുമാണ് പൂർണ്ണമായും നിയന്ത്രണ വിധേയമാക്കുന്നതിന് വിലങ്ങ് തടിയായിരുന്നത്. എന്നാൽ തീപിടിത്തവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ അട്ടിമറി സാധ്യത ഉണ്ടോ എന്നതിനെ കുറിച്ച് വിശദമായ പരിശോധനകൾ നടത്തുമെന്ന് കൊച്ചി മേയർ സൗമിനി ജയിൻ പറഞ്ഞു.

മാലിന്യ പ്ലാന്‍റിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും മേയർ വ്യക്തമാക്കി. വേനൽ ചൂടും തീപിടിത്തത്തിന് കാരണമായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. ആറ് മാസം മുൻപ് ഇത്തരത്തിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാകാൻ ഒരാഴ്ച്ച സമയമെടുത്തിരുന്നു. പത്തേക്കറോളം വ്യാപിച്ച് കിടക്കുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ അടിക്കടി തീപിടിത്തം ഉണ്ടാകുന്നത് സമീപപ്രദേശങ്ങളായ കരിമുകൾ, ഉണിച്ചിറ, രാജഗിരി വാലി, തൃക്കാക്കര എന്നിവിടങ്ങളിലെ ജനങ്ങൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.