പ്രളയദുരിതാശ്വാസത്തിന് കൊച്ചി നഗരസഭ 50 ലക്ഷം രൂപ നല്‍കും: മേയര്‍ സൗമിനി ജെയിന്‍

Jaihind Webdesk
Sunday, August 18, 2019

കൊച്ചി: പ്രളയബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചി നഗരസഭ  50 ലക്ഷം രൂപ നല്‍കുമെന്ന് മേയര്‍ സൗമിനി ജെയിന്‍. കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും  സൗമിനി ജെയിന്‍ വ്യക്തമാക്കി.

ജില്ലാ ഭരണകൂടം നടത്തുന്ന സമാഹരണകേന്ദ്രങ്ങൾ ഉള്ളതിനാൽ അവയുമായി ഏകോപിച്ച് പ്രവർത്തിക്കാൻ നഗരസഭകൾക്ക് തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഉത്തരവുണ്ട്. ഇക്കാരണത്താലാണ് നഗരസഭ പ്രത്യേകമായി സംഭരണകേന്ദ്രം തുടങ്ങാതിരുന്നത്. അതേസമയം പ്രളയബാധിതരെ സഹായിക്കാന്‍ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കഴിഞ്ഞതവണയും ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചി നഗരസഭ 50 ലക്ഷം രൂപ നൽകിയിരുന്നതായും മേയർ അറിയിച്ചു. സോഷ്യൽ മീഡിയ വഴി നടക്കുന്ന കുപ്രചാരണങ്ങളുടെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയായിരുന്നു മേയറുടെ പ്രതികരണം.