‘പ്രളയത്തില്‍ എല്ലാം നഷ്ടമായ ഒരു ജനതയുണ്ട് ; ദുരിതാശ്വാസ പാക്കേജില്ല, സന്ദര്‍ശനമില്ല, ഇത് അനീതിയാണ്’ : മോദിയോട് രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, August 31, 2019

പ്രളയം സര്‍വനാശം വിതച്ച കേരളത്തിന് അർഹമായ പരിഗണന നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുരുവായൂർ സന്ദര്‍ശനത്തിന്‍റെ ഓർമ പങ്കുവെച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

‘താങ്കളുടെ ഗുരുവായൂർ സന്ദർശനത്തിന് പിന്നാലെ കേരളത്തില്‍ സര്‍വനാശവും മരണവും വിതച്ച ഒരു വലിയ പ്രളയവും സന്ദർശനം നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കേരളം സന്ദര്‍ശിക്കാന്‍ താങ്കള്‍ തയാറായിരുന്നുവെങ്കില്‍ അത്  അഭിനന്ദിക്കപ്പെട്ടേനെ. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയത് പോലെയുള്ള ദുരിതാശ്വാസ പാക്കേജിനായി ദുരിതത്തിലായ കേരളവും കാത്ത് നിൽക്കുകയാണ്. ഇത് അനീതിയാണ് – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കേരളം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഗുരുവായൂര്‍ സന്ദർശനത്തിന്‍റെ കാര്യവും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേരളത്തോടുള്ള കേന്ദ്രം കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ വിമർശനം.

പ്രളയമുണ്ടായതിന് പിന്നാലെ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ഒരു ജനതയ്ക്ക് കരുത്ത് പകര്‍ന്ന് മണ്ഡലത്തിലുടനീളം സഞ്ചരിച്ചിരുന്നു. എല്ലാവര്‍ക്കും പരമാവധി സഹായം നേടി നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. പ്രളയം ദുരന്തം വിതച്ച ഒരു ജനതയുടെ കരുത്താവുകയായിരുന്നു രാഹുല്‍ ഗാന്ധി. ആദ്യസന്ദർശനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് മുഖേന സഹായവും കേരളത്തിലേക്കെത്തിയിരുന്നു. ഇപ്പോള്‍ സാന്ത്വനമായി രണ്ടാമതും അദ്ദേഹം പ്രളയബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.