കൊച്ചി മേയർക്കെതിരായ അവിശ്വാസം പാളി ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടതുപക്ഷ ശ്രമം പരാജയപ്പെട്ടെന്ന് സൗമിനി ജെയിൻ

Jaihind Webdesk
Thursday, September 12, 2019

കൊച്ചി കോർപ്പറേഷൻ മേയർക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യു.ഡി.എഫ് പ്രതിനിധികൾ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിന്നു. എൽ.ഡി.എഫിൽ നിന്ന് 33 പേർ മാത്രമാണ് വോട്ട് ചെയ്തത്. അവിശ്വാസപ്രമേയ ചർച്ചയില്‍ പങ്കെടുത്തെങ്കിലും ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 74 അംഗ കൗൺസിലിൽ 38 പേരുടെ ഭൂരിപക്ഷം ആണ് യു.ഡി.എഫിനുള്ളത്.

എൽ.ഡി.എഫ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് യു.ഡി.എഫ്‌ പരാജയപ്പെ ടുത്തിയെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. പ്രതിപക്ഷ  ആരോപണങ്ങൾ  അടിസ്ഥാന രഹിതമാണ്. വസ്തുതകൾ മനസിലാക്കാതെയാണ് അവിശ്വാസം കൊണ്ടുവന്നത്. നിരവധി വികസനപദ്ധതികള്‍ പുരോഗമിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്‍റെ ശ്രമമാണ് പരാജയപ്പെട്ടതെന്നും മേയർ സൗമിനി ജെയിന്‍ വ്യക്തമാക്കി.

അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫിന് സ്വന്തം വോട്ടുകൾ പോലും പിടിച്ചുനിർത്താനായില്ലെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റും കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയറുമായ ടി.ജെ വിനോദും പറഞ്ഞു.