ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്; മഴക്കെടുതിയില്‍ മരണം 12 ആയി

Jaihind Webdesk
Sunday, June 17, 2018

ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുളളതിനാൽ തീരദേശത്ത് ജാഗ്രതാ നിർശം നൽകിയിട്ടുണ്ട്.

കേരള, കർണാടക, ലക്ഷദ്വീപ് എന്നീവിടങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കി.മീ. വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ട്. കർണാടക, ലക്ഷദ്വീപ്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളിലും കൂറ്റന്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തീരങ്ങളിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ജൂൺ 19ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 17 നും 18നും ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബിക്കടലിന്റെ മധ്യകിഴക്കൻ, മധ്യപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ തീരങ്ങളിൽ കടൽ അതിക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുവശവും മത്സ്യബന്ധത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായ 4 പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ മരണം ആകെ 12 ആയി. രണ്ട്‌പേർക്കുളള തെരച്ചിൽ തുടരുകയാണ്.