സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ് ; 396 പേർക്ക് സമ്പർക്കത്തിലൂടെ , തിരുവനന്തപുരത്ത് മാത്രം 201 കേസുകള്‍

Jaihind News Bureau
Tuesday, July 14, 2020

 

തിരുവനന്തപുരം : സംസ്ഥാനത്ത്  ഇന്ന് 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 396 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 201 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. സൌദിയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിയായ പ്രവാസിയാണ് ഇന്ന് മരിച്ചത്.

ആശങ്കയുളവാക്കുന്ന കൊവിഡ് കണക്കുകളാണ് പുറത്തുവരുന്നത്. ഇന്ന് പോസിറ്റീവായ 608 കേസുകളില്‍ 26 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 130 പേർ വിദേശത്ത് നിന്നും വന്നവരാണ്. 68 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 181 പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം -70, മലപ്പുറം, കോഴിക്കോട് – 58, കാസർകോട് – 44, തൃശൂർ – 42, ആലപ്പുഴ – 34, പാലക്കാട് – 26, കോട്ടയം – 25, കൊല്ലം – 23, വയനാട് – 12, കണ്ണൂർ – 12, പത്തനംതിട്ട – 3.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം – 15, കൊല്ലം – 2, ആലപ്പുഴ – 17, കോട്ടയം – 5, തൃശൂർ – 9, പാലക്കാട് – 49, മലപ്പുറം – 9, കോഴിക്കോട് – 21, കണ്ണൂർ – 49, കാസർകോട് – 5

കഴിഞ്ഞ 24 മണിക്കൂറിൽ 14,227 സാമ്പിളുകൾ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേർ ആശുപത്രികളിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8930 പേർക്കാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രികളിലാക്കി. ആലപ്പുഴ ചുനക്കര 47 വയസുള്ള നസീർ ഉസ്മാൻകുട്ടിയാണ് മരിച്ചത്. അദ്ദേഹം വിദേശത്ത് നിന്ന് വന്നതാണ്.