കൊവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ പിന്നില്‍ ; ആശങ്കാജനകമായി കണക്കുകള്‍, രോഗമുക്തി നിരക്കില്‍ ആദ്യ 19 സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം ഇല്ല

Jaihind News Bureau
Tuesday, July 14, 2020

 

രാജ്യത്ത് കൊവിഡ് രോഗമുക്തിയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യ പത്തൊമ്പതില്‍ പോലും ഇടംപിടിക്കാതെ കേരളം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ കേന്ദ്രഭരണപ്രദേശമായ ലഡാക്കാണ് ഒന്നാം സ്ഥാനത്ത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പഞ്ചാബ് സംസ്ഥാനങ്ങൾ ആദ്യ പത്തൊമ്പതില്‍ ഇടം പിടിച്ചു.

രോഗമുക്തിയില്‍ ദേശീയ ശരാശരിയുടെ ഏറെ മുകളിലാണ് 19 സംസ്ഥാനങ്ങളെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. കൃത്യമായ പരിശോധന, രോഗനിർണയം, നിരീക്ഷണം, ചികിത്സ തുടങ്ങി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിന് ഉദാഹരണമാണ് ഈ സംസ്ഥാനങ്ങളിലെ രോഗമുക്തി നിരക്കെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഒന്നാം സ്ഥാനത്തുള്ള ലഡാക്കിലെ രോഗമുക്തി നിരക്ക് 85.5 ശതമാനമാണെന്ന് കേന്ദ്രം പുറത്തുവിട്ട കണക്ക് പറയുന്നു. ഛത്തീസ്ഗഢില്‍ 77.7 ശതമാനവും രാജസ്ഥാനില്‍ 74.2 ശതമാനവും പഞ്ചാബില്‍ 68.9 ശതമാനവുമാണ് രോഗമുക്തി നിരക്ക്.

അതേസമയം ആശങ്ക പരത്തുന്ന കണക്കുകളാണ് കേരളത്തില്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളി എന്നതിന്‍റെ വ്യക്തമായ സൂചനയാണ് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ വർധിക്കുന്നത്. ഇന്ന് 608 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 396 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ് എന്നതാണ് കൂടുതല്‍ ആശങ്കാജനകം. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം മുന്നിലെന്ന് സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുമ്പോഴാണ് രോഗമുക്തി നിരക്കില്‍ മുന്നിലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ എങ്ങും കേരളമില്ലാത്തത്.