മെരുങ്ങാതെ കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ മുപ്പതിനായിരത്തോളം പുതിയ രോഗികൾ

Jaihind News Bureau
Wednesday, July 15, 2020

 

ന്യൂഡല്‍ഹി : ആശങ്കയുണർത്തി രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. റെക്കോർഡ് പ്രതിദിന വ‌ർധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 30,000 ത്തോളം പുതിയ കേസുകളാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 29,429 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 9,36,181 ആയി. 582 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  24,309 ആയി ഉയർന്നു.  5,92,031 പേർക്കാണ് രോഗമുക്തിയുണ്ടായത്. 3,19,840 പേർ നിലവിൽ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു.

കൊവിഡ് വ്യാപന നിരക്ക് ഇതേനിലയില്‍ തുടരുകയാണെങ്കില്‍ ആകെ രോഗികളുടെ അടുത്ത ദിവസങ്ങളില്‍ തന്നെ പത്ത് ലക്ഷത്തിലേക്കെത്തും. ആശങ്കയുണർത്തുന്ന കണക്കുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വർധനവുണ്ടെന്നത് ആശ്വാസമുളവാക്കുന്ന വാർത്തയാണ്.