അടിയന്തര പ്രാധാന്യത്തോടെ മദ്യം നൽകാനുള്ള സർക്കാർ നീക്കം പരിഹാസ്യമെന്ന് വി.എം സുധീരൻ

Jaihind News Bureau
Thursday, May 14, 2020

ജീവൻ രക്ഷാ മരുന്ന് നൽകുന്ന അതേ അടിയന്തര പ്രാധാന്യത്തോടെ മദ്യം നൽകാനുള്ള സർക്കാർ നീക്കം പരിഹാസ്യമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. വിവിധതലങ്ങളിലുള്ള മദ്യശാലകളിലൂടെ മദ്യലഭ്യത വ്യാപിപ്പിക്കുന്ന സർക്കാർ നടപടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻതിരിച്ചടിയാണ് ഉണ്ടാക്കുക. കൊവിഡ് ഉയർത്തുന്ന ഭീകരമായ ഭീഷണി ലോകരാജ്യങ്ങളിലും ഇന്ത്യയിൽത്തന്നെ വിവിധ സംസ്ഥാനങ്ങളിലും അനിയന്ത്രിതമായി വർദ്ധിച്ചുവരുമ്പോൾ കേരളം കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കാനും മാരകമായ കൊവിഡ് മഹാവിപത്തിലേയ്ക്ക് കേരളത്തെ തള്ളിവിടാനും മാത്രമേ മദ്യലഭ്യത വ്യാപിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ എടുക്കുന്ന ഓരോ തീരുമാനവും ഇടവരുത്തുകയുള്ളൂ.
അതുകൊണ്ട് മദ്യലഭ്യത ഉറപ്പുവരുത്താനും, വ്യാപകമാക്കാനുമായി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സർവ്വഉത്തരവുകളും മറ്റു നടപടികളും റദ്ദാക്കണമെന്ന് വി.എം സുധീരൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

കത്തിന്‍റെ പൂർണരൂപം :

പ്രിയപ്പെട്ട മുഖ്യമന്ത്രി,
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് നല്ലനിലയില്‍ മുന്നേറാനായതില്‍ നിര്‍ണ്ണായകമായത് ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചതാണ് ആള്‍ക്കൂട്ടത്തെ ഒഴിവാക്കാനും മദ്യാസക്തരുടെ ശാരീരിക പ്രതിരോധശേഷിവര്‍ദ്ധിപ്പിക്കാനും സാമ്പത്തിക ഭദ്രതയും കുടുംബസമാധാനവും മെച്ചപ്പെടുത്താനും സാധിച്ചതിലൂടെ കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനായി എന്നത് അനിഷേധ്യമാണ്.
സംസ്ഥാന പോലീസിന്റെ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം കുറ്റകൃത്യങ്ങളില്‍വന്ന വന്‍കുറവ് കണ്ണുതുറന്ന് കാണേണ്ടതാണ്.
മദ്യ ഉപയോഗം ഇല്ലാതായതിനെത്തുടര്‍ന്ന് മൂവായിരത്തില്‍പ്പരം കോടി രൂപയുടെ സാമ്പത്തികനേട്ടമാണ് മദ്യം ഉപേക്ഷിച്ചവരുടെ കുടുംബങ്ങള്‍ക്കുണ്ടായത്. ഇതെല്ലാം ‘അഡിക് ഇന്ത്യ’ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജനന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരായ രാഷ്ട്രീയനേതൃത്വവും സര്‍ക്കാരും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് മദ്യനയം അടിമുടി പൊളിച്ചെഴുതേണ്ടത് അനിവാര്യമായിരിക്കുകയാണ്. മദ്യവിപത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള മദ്യനയത്തിന് രൂപംകൊടുക്കുകയാണ് അഭികാമ്യമായിട്ടുള്ളത്.
നിര്‍ഭാഗ്യമെന്നുപറയട്ടെ, അത്തരത്തില്‍ സമൂഹനന്മയെ മുന്നില്‍കണ്ടുകൊണ്ടുള്ള കാതലായ നയവ്യതിയാനത്തിനുമുതിരാതെയും അതിനാധാരമായ സത്യസന്ധവും ശാസ്ത്രീയവുമായ യാതൊരു പഠനവും നടത്താതെയും വീണ്ടുംമദ്യാസക്തരെ മദ്യഉപയോഗത്തിലേയ്ക്ക് തിരിച്ചുകൊണ്ടുപോകാനുള്ള നടപടികളാണ് ഓരോന്നായി സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
ജീവന്‍രക്ഷാമരുന്ന് എത്തിക്കുന്ന അതേഅടിയന്തിര പ്രാധാന്യം നല്‍കി മദ്യലഭ്യത പലതലങ്ങളിലായി ഉറപ്പുവരുത്തുന്നതിന് സര്‍ക്കാരിന്റെഭാഗത്തുകാണുന്ന അമിതാവേശവും അതീവ വ്യഗ്രതയും നടപടികളും ഏറെ പരിഹാസ്യമാണെന്ന് പറയാതിരിക്കാനാവില്ല.
തന്നെയുമല്ല വിവിധതലങ്ങളിലുള്ള മദ്യശാലകളിലൂടെ മദ്യലഭ്യത വ്യാപിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി കോവിഡ് പ്രതിരോധരംഗത്തും വന്‍തിരിച്ചടിയാണ് ഉണ്ടാക്കുക.
ഇന്ത്യയിലെ മദ്യകുത്തക കമ്പനികളുടെ സംഘടിതസമ്മര്‍ദ്ദത്തിനുവഴങ്ങി കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വരുത്തിയ ഇളവുകളും അതേത്തുടര്‍ന്ന് വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ മദ്യശാലകള്‍ തുറന്നതിനുപിന്നാലെയുണ്ടായ പ്രത്യാഘാതങ്ങളും അവിടങ്ങളിലുണ്ടായ കോവിഡിന്റെ വന്‍വ്യാപനവും കണക്കിലെടുക്കാതെ മദ്യകുത്തകളുടെ കെണിയില്‍വീണ് മദ്യലഭ്യതയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിന് യാതൊരുന്യായീകരണവുമില്ല.
കോവിഡ് ഉയര്‍ത്തുന്ന ഭീകരമായഭീഷണി ലോകരാജ്യങ്ങളിലും ഇന്ത്യയില്‍ത്തന്നെ വിവിധസംസ്ഥാനങ്ങളിലും അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുമ്പോള്‍ കേരളം കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കാനും മാരകമായ കോവിഡ് മഹാവിപത്തിലേയ്ക്ക് കേരളത്തെ തള്ളിവിടാനും മാത്രമേ മദ്യലഭ്യത വ്യാപിപ്പിക്കുന്നതിനായി സംസ്ഥാനസര്‍ക്കാരെടുക്കുന്ന ഓരോ തീരുമാനവും ഇടവരുത്തുകയുള്ളൂ.
അതുകൊണ്ട് മദ്യലഭ്യത ഉറപ്പുവരുത്താനും, വ്യാപകമാക്കാനുമായി സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സര്‍വ്വഉത്തരവുകളും മറ്റു നടപടികളും റദ്ദാക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി
പകര്‍പ്പ് :
ശ്രീമതി. കെ.കെ. ഷൈലജടീച്ചര്‍, ബഹു.ആരോഗ്യവകുപ്പു മന്ത്രി
ശ്രീ. ഇ. ചന്ദ്രശേഖരന്‍, ബഹു.റവന്യൂവകുപ്പു മന്ത്രി
ശ്രീ. ടി.പി. രാമകൃഷ്ണന്‍, ബഹു.എക്‌സൈസ് വകുപ്പുമന്ത്രി
ശ്രീ. എ.കെ.ബാലന്‍, ബഹു. നിയമവകുപ്പ് മന്ത്രി
ശ്രീ. രമേശ് ചെന്നിത്തല ബഹു.പ്രതിപക്ഷനേതാവ്‌