വിരാട് കോഹ്ലി ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്നവരുടെ ക്ലബിലേയ്ക്ക്

Jaihind Webdesk
Wednesday, October 24, 2018

ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്ന 13-ആമത്തെ അന്താരാഷ്ട്ര താരമാകാൻ തയ്യാറെടുത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. അപൂർവ നേട്ടം കൈവരിക്കാൻ വിരാടിന് വേണ്ടത് ഇനി 81 റൺസ് മാത്രം. സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡ് തകർക്കാനും ഒരുങ്ങുകയാണ് വിരാട്.

വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ 9779 റൺസായിരുന്നു വിരാടിന്‍റെ ഏകദിന സമ്പാദ്യം. ആദ്യ ഏകദിനത്തിലെ തകർപ്പൻ സെഞ്ച്വറിയോടെ റൺസ് 9,919 ആയി ഉയർന്നു. ഏറ്റവും കുറച്ച് മത്സരങ്ങളിൽനിന്ന് 10,000 റൺസ് തികച്ച സച്ചിൻ ടെൻഡുൽക്കറുടെ റെക്കോര്‍ഡ് തകർക്കാനും ഒരുങ്ങുകയാണ് വിരാട്. 259 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ 204 ഇന്നിംഗ്‌സുകളിൽ നിന്നാണ് വിരാട് 9,919 റൺസ് അടിച്ചുകൂട്ടിയത്. 36 സെഞ്ച്വറികളും 48 അർദ്ധ സെഞ്ച്വറികളുമടക്കം ഇന്ത്യൻ നായകന്‍റെ ബാറ്റിംഗ് ശരാശരി 58.69 ആണ്.

നിലവിൽ 4 ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ 10,000 ക്ലബ്ബിലെത്തിയിട്ടുണ്ട്. 2001 ൽ സച്ചിൻ ടെൻഡുൽക്കറാണ് ഏക ദിനത്തിൽ ആദ്യം 10,000 റൺസ് തികയ്ക്കുന്നത്. സൗരവ് ഗാംഗുലി 2005 ലും രാഹുൽ ദ്രാവിഡ് 2007 ലും 10,000 റൺസ് തികച്ചു.കഴിഞ്ഞ ജൂലായിൽ തന്‍റെ 324-ആമത്തെ മത്സരത്തിൽ ധോണി 10,000 റൺസിലെത്തിയിരുന്നു. അതേസമയം, വിൻഡീസിനെതിരായ ആദ്യ മത്സരത്തിലെ സെഞ്ച്വറിയോടെ രാഹിത് ശർമ്മ ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 150 ലേറെ റൺസ് സ്‌കോർ ചെയ്യുന്ന താരമായി. അഞ്ചുതവണ വീതം 150 കടന്നിട്ടുള്ള സച്ചിന്‍റെയും ഡേവിഡ് വാർണറുടെയും റെക്കാഡാണ് രോഹിത് തകർത്തത്.