മെൽബണ്‍ പോരാട്ടത്തില്‍ തീപാറും; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ഇന്ന്

Jaihind Webdesk
Tuesday, December 25, 2018

Virat-Kohli-Tim-Paine

ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായി കളത്തിലിറങ്ങുമ്പോൾ മെൽബണിൽ പോരാട്ടത്തിന് തീപാറും. നാല് ടെസ്റ്റുകളുടെ പരമ്പര 1-1 എന്ന നിലയിലാണ്. അഡ്‌ലെയ്ഡിൽ ഇന്ത്യ ജയിച്ചപ്പോൾ പെർത്തിൽ കനത്ത തിരിച്ചടി നൽകിയാണ് ഓസീസ് തിരിച്ചു വന്നത്.

അഡ്ലെയ്ഡിൽ ഇന്ത്യയും പെർത്തിൽ ഓസ്‌ട്രേലിയയും വിജയക്കൊടി നാട്ടി. ഇനി മെൽബണിലാണ് അങ്കം. നാളെ രാവിലെ ഇന്ത്യൻ സമയം അഞ്ച് മണിക്ക് മൂന്നാം ടെസ്റ്റ് തുടങ്ങും. ഭാവം മാറ്റിയ മെൽബൺ ആരെ വരിക്കുമെന്ന് വരുംദിനങ്ങളിൽ വ്യക്തമാകും.

അഡ്‌ലെയ്ഡിൽ ഇന്ത്യ ചരിത്രം കുറിച്ചെങ്കിൽ പെർത്തിൽ വൻ മാർജിനിലായിരുന്നു ഓസീസ് വിജയം. രണ്ടാം ഇന്നിങ്‌സിൽ വെറും 140 റണ്ണിന് ബാറ്റിങ് നിര കൂടാരം കയറി. മുന്നിലെത്താൻ ഓസീസ് ഇറങ്ങുമ്പോൾ പാഠം ഉൾക്കൊണ്ടു തിരിച്ചടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

എന്നാൽ തോൽവിക്കുശേഷം സംഭവങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ആർ അശ്വിന്റെ പരിക്ക് മാറിയിട്ടില്ല എന്നതാണ് വലിയ ആശങ്ക. ഇതിനിടെ പരിശീലകൻ രവി ശാസ്ത്രി രവീന്ദ്ര ജഡേജയെ കളിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളും വിവാദമായി. ജഡേജ പരിക്കോടെയാണ് ഓസീസിൽ എത്തിയതെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. എന്നാൽ ജഡേജ മൂന്നാം ടെസ്റ്റ് കളിക്കാനുള്ള ശാരീരികക്ഷമത വീണ്ടെടുത്തെന്ന് ബിസിസിഐ വ്യക്തമാക്കി.