ഐസിസി ടെസ്റ്റ് റാങ്കിംഗ് : ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലി; പൃഥ്വി ഷാ 60ആം സ്ഥാനത്ത്

Jaihind Webdesk
Tuesday, October 16, 2018

ഐ.സി.സിയുടെ പുതുക്കിയ ടെസ്റ്റ് റാങ്കിംഗ് പുറത്തുവന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 935 പോയിറ്റുമായി ഒന്നാം സ്ഥാനം നിലനിർത്തി. അതേ സമയം രാജ്കോട്ടിലെ സെഞ്ച്വറിക്ക് ശേഷം പൃഥ്വി ഷാ റാങ്കിംഗിൽ അറുപതാം സ്ഥാനത്തെത്തി. ബൗളർമാരിൽ ഉമേഷ് യാദവ് നാല് സ്ഥാനം മെച്ചപ്പെടുത്തി 25ാം റാങ്കിലേക്ക് കയറി.

റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത്, വിൻഡീസിനെതിരായ പരംമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത അരങ്ങേറ്റക്കാരൻ പൃഥ്വി ഷായും ഋഷഭ് പന്തുമാണ്. രാജ്‌കോട്ടിലേയും ഹൈദരാബാദിലെയും 92 റൺസ് പ്രകടനമാണ് പന്തിനെ 62-ാം സ്ഥാനത്ത് എത്തിച്ചത്. ഇന്ത്യൻ അണ്ടർ-19 ടീമിനെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച നായകൻ പൃഥ്വിക്ക് സീനിയർ ടീമിന്റെ വെളുത്ത കുപ്പായത്തിലെ അരങ്ങേറ്റം സ്വപ്ന തുല്യമായിരുന്നു. രാജ്‌കോട്ടിലെയും, ഹൈദരാബാദിലെയും സെഞ്ച്വറിക്ക് പിന്നലെ 13 സ്ഥാനം മെച്ചപ്പെടുത്തി പൃഥ്വി 60-ാം റാങ്കിലെത്തി.

ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെ നാലു സ്ഥാനം മെച്ചപ്പെടുത്തി 18-ാം സ്ഥാനത്തെത്തി. രണ്ടാം ടെസ്റ്റിൽ നേടിയ 80 റൺസാണ് രഹാനെയ്ക്ക് തുണയായത്. വിരാട് കോലിക്കു പിന്നാലെ സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്ല്യംസൺ, ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ഡേവിഡ് വാർണർ എന്നിവരാണ് തുടർന്നുള്ള താരങ്ങൾ. ചേതേശ്വർ പൂജാര ആറാം സ്ഥാനത്താണ്. രണ്ടാം ടെസ്റ്റിലെ 10 വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യൻ പേസ് ബൗളർ ഉമേഷ് യാദവും നാലു സ്ഥാനം മെച്ചപ്പെടുത്തി. നാട്ടിൽ നടന്ന ടെസ്റ്റിൽ 10 വിക്കറ്റ് നേട്ടം കൊയ്ത മൂന്നാമത്തെ മാത്രം ഇന്ത്യൻ പേസ് ബൗളർ എന്ന റെക്കോഡ് നേടിയ ഉമേഷ് ബൗളർമാരുടെ റാങ്കിങ്ങിൽ ഇപ്പോൾ 25-ാം സ്ഥാനത്താണ്.